മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമോ?; പ്രതിസന്ധി മറികടക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ് കരുനീക്കം സജീവം

  • Post category:news
  • Reading time:1 min read
You are currently viewing മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമോ?;  പ്രതിസന്ധി മറികടക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച്  കോൺഗ്രസ് കരുനീക്കം സജീവം

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പരിഹാരം കാണാൻ കോൺഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുൾ വാസ്‌നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയാണ് നിയോഗിച്ചത്. വിമതരുമായി സംസാരിക്കാൻ സജ്ജൻ സിംഗ് വർമ്മ, ഗോവിന്ദ് സിംഗ് എന്നീ നേതാക്കളെയും ചുമതലപ്പെടുത്തി.

അതേസമയം ബിജെപി എംഎൽഎമാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാൻഡ് ഭാരത് ഹോട്ടലിലെത്തിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയിൽ ചേരുകയുണ്ടായി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബി.ജെ.പി സിന്ധ്യക്ക് മാറ്റിവെച്ചെങ്കിലും നീക്കം ഫലം കണ്ടില്ല. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബി.ജെ.പി എം.എൽ.എമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേ സമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. കമൽനാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എം.എൽ.എമാരാണ് ഇതുവരെ രാജിവെച്ചത്.

അതേസമയം വിമത എം.എല്‍.എമാരുമായി താന്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു. ‘ഞങ്ങളുടെ പദ്ധതി വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല. അധികം വൈകാതെ തന്നെ അവരെല്ലാം തിരിച്ചെത്തും’, ഡി.കെ ശിവകുമാര്‍ പറഞ്ഞു. നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും പറഞ്ഞിരുന്നു.

0Shares