
ബംഗലുരു: പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാനമന്ത്രിയടക്കം ദേശീയനേതാക്കളെല്ലാം തന്നെ കര്‍ണാടകയിലാണ് തമ്പടിച്ചിരിക്കുന്നത്. നരേന്ദ്രമോഡി, അമിത്ഷാ, ജെ.പി.നദ്ദ എന്നിങ്ങനെ വമ്പന്മാര്‍ ബി.ജെ.പിയ്ക്കും രാഹുല്‍, സോണിയ, പ്രിയങ്ക, മല്ലികാര്‍ജ്ജുന ഖാര്‍ഗേ തുടങ്ങിയ കോണ്‍ഗ്രസിലെ വലിയ നേതാക്കളും കര്‍ണാടകയില്‍ തിരക്കിട്ട പ്രചരണത്തിലാണ്.
ഇതിനിടയില്‍ തെരഞ്ഞെടുപ്പിനോട് അടുത്ത് പുറത്തുവന്നിരിക്കുന്ന അഭിപ്രായ സര്‍വേയിലും വോട്ടര്‍മാരുടെ മൂഡ് കോണ്‍ഗ്രസിനൊപ്പമെന്ന് ഇന്ത്യടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.വി- സി.എന്‍.എക്‌സ് നടത്തിയ സര്‍വേയില്‍ കര്‍ണാടകയില്‍ കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

ബി.ജെ.പിയ്ക്ക് ഭരണവിരുദ്ധ വികാരത്തിന് ഇരയാകേണ്ടി വരുമെന്നും പറയുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയേക്കുമെങ്കിലും ഭരണം നടത്താന്‍ പിന്തുണ കണ്ടെത്തേണ്ടി വരും. സിദ്ധരാമയ്യയ്ക്കാണ് മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് 32.2 ശതമാനം പേരാണ്. നിലവിലെ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയ്ക്ക് 26.83 ശതമാനമാണ് പിന്തുണ. ജെ.ഡി.എസിൻ്റെ എച്ച്.ഡി കുമാരസ്വാമിയ്ക്ക് 10.97 ശതമാനം പിന്തുണയേയുള്ളൂ.
ജാതി സമവാക്യങ്ങളില്‍ കുറുബാ വോട്ടുകള്‍ ഏറ്റവും കൂടുതല്‍ കിട്ടാന്‍ സാധ്യത കോണ്‍ഗ്രസിനാണ്. കുറുബാ വിഭാഗത്തിലെ 75.3 ശതമാനം പേരും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നാണ് പ്രതികരിച്ചത്. ലിംഗായത്തുകളില്‍ നിന്നും 15.11 ശതമാനം വോട്ടുകളും വൊക്കലിംഗ സമുദായത്തില്‍ നിന്നും 17.57 ശതമാനവും പട്ടികജാതി വിഭാഗത്തിലെ 40.56 ശതമാനം വോട്ടുകളും 34.58 ശതമാനം ഒ.ബി.സി വോട്ടുകളും 42.35 ശതമാനം പട്ടിക വര്‍ഗ്ഗ വോട്ടുകളും 78 ശതമാനം മുസ്ലിം വോട്ടുകളും ഇത്തവണ കോണ്‍ഗ്രസിനൊപ്പം ആയിരിക്കുമെന്ന് സര്‍വേ പറയുന്നു.
അതേസമയം കുറുബയില്‍ നിന്നും ബി.ജെ.പിയ്ക്ക് കിട്ടുക 15.14 ശതമാനം മാത്രമാകും. കൂടുതല്‍ വോട്ടുകള്‍ നല്‍കുക ലിംഗായത്തുകളാകും. 75.8 ശതമാനം വോട്ടുകള്‍ ഇവിടെ നിന്നും കിട്ടുമ്പോള്‍ 17.39 ശതമാനം വൊക്കലിംഗ വോട്ടുകളും 39.6 ശതമാനം പട്ടികജാതി വോട്ടുകളും 51.7 ശതമാനം ഒ.ബി.സി വോട്ടുകളും 32.18 ശതമാനം പട്ടികവര്‍ഗ്ഗ വോട്ടുകളും 2.07 ശതമാനം മുസ്ലിം വോട്ടുകളും ബി.ജെ.പിയ്ക്ക് കിട്ടുമെന്നും സര്‍വേ പ്രവചിക്കുന്നു. 56 ശതമാനം വൊക്കലിംഗ വോട്ടകള്‍ ജെ.ഡി.എസിന് കിട്ടാനും സാധ്യതയുണ്ടെന്നും പറയുന്നു.
മൊത്തമുള്ള 224 സീറ്റുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കും. 2018നെ അപേക്ഷിച്ച് 25 സീറ്റുകള്‍ കൂടി കൂടുതലായി കിട്ടുന്ന ഇവര്‍ക്ക് 105 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പിയ്ക്ക് 19 സീറ്റുകള്‍ കുറഞ്ഞ് 85ല്‍ ഒതുങ്ങുമെന്നും പറയുന്നു. 2018 നെ അപേക്ഷിച്ച് ജെ.ഡി.എസിന് അഞ്ചു സീറ്റുകളേ കുറയാന്‍ സാധ്യതയുള്ളെന്നും അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.
ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുക യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയതാകുമെന്നും പ്രവചനത്തില്‍ പറയുന്നു. ഇത് ശരിയായ തീരുമാനം ആയിരുന്നില്ലെന്നാണ് 51 ശതമാനത്തിൻ്റെ പ്രതികരണം. അത് നല്ല തീരുമാനമെന്ന് പ്രതികരിച്ചത് 30 ശതമാനമാണ്. ബോംബെ കര്‍ണാടക മേഖലയില്‍ ബി.ജെ.പിയ്ക്ക് മുന്‍തൂക്കം കിട്ടും. ഇവിടുത്തെ 50 സീറ്റുകളില്‍ മുപ്പതും ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് ഇവിടെ 20 സീറ്റുകളകും കിട്ടുക. തീരദേശ മേഖലകളിലും ബി.ജെ.പി തൂത്തുവാരും. 15 സീറ്റുകളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും ജെ.ഡി.എസിന് ഇത്തവണയും ഇവിടെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞേക്കില്ലെന്നും പ്രവചനത്തില്‍ പറയുന്നു.
മൈസൂര്‍ മേഖലയില്‍ ജെ.ഡി.എസിനാകും മുന്‍തൂക്കം. ഇവിടുത്തെ 62 സീറ്റുകളില്‍ 28 സീറ്റുകള്‍ ജെ.ഡി.എസിന് കിട്ടുമെന്നും പറയുന്നു. കോണ്‍ഗ്രസിന് ഇവിടെ 26 സീറ്റുകള്‍ കിട്ടുമ്പോള്‍ ബി.ജെ.പിയ്ക്ക് ഏഴ് സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്ര തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് 46 ശതമാനം പേരുടെ പ്രതികരണം. ബജ്‌റംഗദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിൻ്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് 29 ശതമാനം പ്രതികരിച്ചപ്പോള്‍ കാര്യമായ നഷ്ടമുണ്ടാക്കില്ലെന്ന് 40 ശതമാനവും ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്ന് 24 ശതമാനം പേരും പ്രതികരിച്ചു. മെയ് ഒന്നിനും ആറിനും ഇടയില്‍ 11,200 പേരിലാണ് സര്‍വേ നടത്തിയത്. മെയ് 10നാണ് കര്‍ണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുക.
