
എല്ലാ വിശ്വാസികൾക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ല. ബി.ജെ.പിക്കും കോൺഗ്രസിനും ഒരേനയമാണെന്നും ബി.ജെ.പിക്ക് എതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗിനെതിരെയും കോടിയേരി രൂക്ഷവിമർശനം ഉന്നയിച്ചു.
മുസ്‌ലിം ലീഗ് ഇസ്ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്‌ലിംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാത്രമാണ്. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നും കോടിയേരി പറഞ്ഞു. ഇസ്ലാമിക മൗലീക വാദത്തിന് ലീഗ് പിന്തുണ നൽകുന്നുവെന്നും സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും പറഞ്ഞ കോടിയേരി മുസ്‌ലിംലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പരിഹസിച്ചു.
