അമിത വില ഈടാക്കുന്നതായി പരാതി; ബദിയടുക്കയിൽ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ

You are currently viewing അമിത വില ഈടാക്കുന്നതായി പരാതി; ബദിയടുക്കയിൽ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ

ബദിയടുക്ക(കാസർകോട്): കോവിഡ് ഭീതിയും ലോക് ഡൗണും നിലനിൽക്കെ വരുമാനമില്ലാതെ ദുരിതത്തിലായ സാധാരണക്കാനെ പിഴിയുകയാണ് ചില വ്യാപാരികൾ. ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം വരാതിരിക്കാനും ജനം പട്ടിണിയിലാവാതിരിക്കാനും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വളരെ സൂക്ഷ്മത പാലിക്കുബോഴാണ് വ്യാപാരികളുടെ ഈ കൊള്ള ലാഭം.

കാസർകോട്ടെ മലയോര പ്രദേശമായ ബദിയടുക്കയിൽ നിന്നാണ് ജില്ലാ കളക്ടർക്ക് ഇത്തരത്തിലുള്ള പരാതി ലഭിച്ചത്. ചില വ്യാപാരികൾ കൊള്ള ലാഭം കൊയ്യുന്നതായുള്ള പരാതി ഉയർന്നതോടെ തിരക്കിനിടയിലും ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി.

കടകളിൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കണം എന്നാണ് ചട്ടം. എന്നാൽ ബദിയടുക്കയിലെ കടകളിൽ ഇത് കാണാൻ സാധിച്ചില്ല. ഇതോടെ വിത്യസ്ത വില ഈടാക്കുന്നു എന്നത് കളക്ടർക്ക് ബോധ്യപ്പെട്ടു. കളക്ടറുടെ പരിശോധന ഒരുവശത്ത് പുരോഗമിക്കവേ മറുവശത്ത് വില നിലവാര ബോർഡ് ഉയർന്നതും കളക്ടറുടെ ശ്രദ്ധയിൽ പെട്ടു. പയർ വർഗ്ഗങ്ങൾ അടക്കമുള്ള ധന്യ വസ്തുക്കൾക്ക് ഒരു കിലോയിൽ 40 രൂപക്ക് മുകളിൽ അധിക വില ഈടാക്കുന്നതായും നാട്ടുകാർ പരാതി ഉയർത്തി. രാവിലെ 160 രൂപക്ക് വാങ്ങിയ ചെറുപയർ കളക്ടർ എത്തിയതോടെ വില നിലവാര പട്ടികയിൽ 120 രൂപയായി പ്രത്യക്ഷപെട്ടതും നാട്ടുകാർ ചുണ്ടി കാണിച്ചു.

പച്ചക്കറികൾക്ക് തോന്നിയത് പോലെയാണ് വില ഈടാക്കുന്നത്. തക്കാളിക്ക് ഒരു കടയിൽ 20 രൂപ എങ്കിൽ മറ്റൊരു കടയിൽ കിലോവിന് 30 രൂപയാണ് ഈടാക്കുന്നത്. ഒണക്കമീനിന് പോലും വില വർദ്ധനവ് വരുത്തിയ വ്യാപാരികളാണ് ഈ കൊറോണ കാലത്ത് കൊള്ള ലാഭം കൊയ്യുന്നത്. 400 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ഉണക്കമീൻ ഇപ്പോൾ 600 രൂപക്കും മുകളിലാണ്. 60 രൂപ വിലയുള്ള ഒരു വിഭാഗം മീനിന് 200 നും മുകളിൽ വില ഈടാക്കുന്നത്. നഗരത്തിലെത്തി തിരക്കിട്ട് സാധനങ്ങൾ വാങ്ങികൂട്ടുന്ന ഗ്രാമീണ ജനതയെ ഇത്തരം വ്യാപാരികൾ പിഴിഞ്ഞെടുക്കുന്ന അവസ്ഥ നിലനിൽക്കുന്നു. സാധനങ്ങളുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

എന്നാൽ സത്യസന്തമായി വ്യാപാരം നടത്തുന്ന കടകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ലോക് ഡൗൺ ആയതിനാൽ സ്ഥിരം വാങ്ങുന്ന കടകളിൽ നിന്നും മാറി അടുത്തുള്ള കടകളിൽ നിന്നും സാദനങ്ങൾ വാങ്ങിക്കുന്നവരാണ് അധികവും. ഇതിനെയാണ് വ്യാപാരികൾ മുതലെടുക്കുന്നത്. ഒന്നിലധികം കടകളിൽ കയറി വില നിലവാരം താരതമ്യപ്പെടുത്താൻ ഈ കൊറോണ കാലം അനുവദിക്കുന്നില്ല. ഇതും സാധാരണക്കാരനെ വലക്കുന്നു. പരിശോധന നടത്തിയ കളക്ടർ വ്യാപാരികൾക്ക് വാണിങ് നൽകിയാണ് മടങ്ങിയത്. പിടിയിലായാൽ ഒരു ദാക്ഷീണ്യവും കൂടാതെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഇനിമുതൽ അതാത് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും പരിശോധന ശക്തമാക്കുമെന്നും കളക്ടർ വ്യക്തമാക്കി. കളക്ടർക്കൊപ്പം പരിശോധന സംഘത്തിൽ തഹസിൽദാരും ബദിയടുക്ക പോലീസും ഉണ്ടായിരുന്നു.

0Shares