കൊവിഡ് ജാഗ്രത: കാസര്‍കോട് ജില്ലയിലെ ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല; പൊതുജനങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കുന്നതിനും വിലക്ക്

  • Post category:local news
  • Reading time:2 mins read
You are currently viewing കൊവിഡ് ജാഗ്രത: കാസര്‍കോട് ജില്ലയിലെ  ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍  ഏജന്റുമാരെ അനുവദിക്കില്ല; പൊതുജനങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കുന്നതിനും വിലക്ക്

കാസര്‍കോട്: ഇനി മുതല്‍ ജില്ലയിലെ ക്ലസ്റ്റര്‍, കണ്ടെയിമെന്റ് സോണുകളില്‍ സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള ഒരു തരത്തിലുള്ള കളക്ഷന്‍ ഏജന്റുമാരെയും അനുവദിക്കുന്നതല്ലയെന്ന് കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.എന്നാല്‍, മറ്റു പ്രദേശങ്ങളില്‍ കളക്ഷനു വേണ്ടി പോവുന്ന ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ബന്ധപ്പെട്ട സ്ഥാപനം നല്‍കേണ്ടതും, ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ഈ മാനദണ്ഡം പാലിക്കാത്ത കളക്ഷന്‍ ഏജന്റുമാരുടെ സ്ഥാപന മേധാവിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി . ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നതിന് നിലവില്‍ നിരോധനമൊന്നുമില്ല. ക്ലസ്റ്റര്‍ / കണ്ടെയിമെന്റ് സോണുകളിലും ഓട്ടോ ഓടിച്ചു പോകാവുന്നതാണെങ്കിലും ഈ പ്രദേശങ്ങളില്‍ പാര്‍ക്കിങിനോ, യാത്രക്കാരെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ, അനുവദിക്കുന്നതല്ല

അതേസമയം, മത്‌സ്യ ബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയിലും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പ് വരുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ഹാര്‍ബറുകളിലെ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കേണ്ടതും വളണ്ടിയര്‍മാരെ സജ്ജരാക്കേണ്ടതുമാണ്. മൊത്തവിതരണക്കാരല്ലാതെ ചെറുകിട കച്ചവടക്കാരെയും മല്‍സ്യം വാങ്ങാന്‍ വരുന്ന പൊതുജനത്തെയും ഹാര്‍ബറില്‍ പ്രവേശിപ്പിക്കരുത്.

ജില്ലയില്‍ നിന്ന് ദിവസേന കര്‍ണാടകയിലേക്ക് പോയി വരുന്നതിന് പാസ് ലഭിച്ചിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, പരാതിക്കിട വരുത്താത്ത രീതിയില്‍ പോലീസ് വകുപ്പിന് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇപ്രാവശ്യം എല്ലാവര്‍ക്കും ഓണം കിറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍, ഈ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ തീരദേശത്തെ ക്ലസ്റ്റര്‍, കണ്ടെയിന്റ് സോണിലുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് മാഷ് പദ്ധതി പ്രകാരമുള്ള അധ്യാപകരെയും നിയോഗിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു.

കണ്ടെയ്‌മെന്റ് സോണുകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നുള്ള കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്. അത് ലഭിച്ച ഉടന്‍ ഈ പ്രദേശം കണ്ടെയ്‌മെന്റ് സോണായി പരിഗണിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു

കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ ഡോ. ഡി .സജിത് ബാബു അധ്യക്ഷത വഹിച്ചു.സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍,എ.ഡി.എം എന്‍. ദേവീദാസ്,ഡി. എം.ഒ ഡോ. എ. വി രാംദാസ്,എ. എസ്. പി സേവ്യര്‍ സെബാസ്റ്റ്യന്‍,കാസര്‍കോട് ആര്‍. ഡി. ഒ ടി. ആര്‍ അഹമ്മദ് കബീര്‍,ഡി.ഡി.ഇ കെ. വി പുഷ്പ,ഡി.ഡി.പി ജെയ്‌സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares