നാളികേരാധിഷ്ടിത ഭക്ഷ്യ സംസ്‌ക്കരണം; ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും; ശില്‍പശാലയ്ക്ക് സി.പി.സി.ആര്‍.ഐയില്‍ തുടക്കം

  • Post category:local news
  • Reading time:2 mins read
You are currently viewing നാളികേരാധിഷ്ടിത ഭക്ഷ്യ സംസ്‌ക്കരണം; ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും; ശില്‍പശാലയ്ക്ക് സി.പി.സി.ആര്‍.ഐയില്‍ തുടക്കം

കാസർകോട്: ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് നടത്തുന്ന നാളികേരാധിഷ്ടിത ഭക്ഷ്യ സംസക്കരണം, ദ്വിദിന ശില്‍പശാല ആരംഭിച്ചു. സി.പി.സി.ആര്‍.ഐയില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു.ശില്‍പശാലയില്‍ പങ്കെടുക്കുന്ന സംരംഭകരും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും ഈ അവസരം നന്നായി ഉപയോഗപ്പെടുത്തണമെന്നും ഇവിടെ നിന്നും ലഭിക്കുന്ന അറിവുകള്‍ സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ അധ്യക്ഷനായി. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.അനിതാ കരുണ്‍ മുഖ്യ അതിഥിയായി. സി.പി.സി.ആര്‍.ഐ ശാസ്ത്രജ്ഞന്‍ ഡോ.സി. തമ്പാന്‍, ശാസ്ത്രജ്ഞ ഡോ. പി.പി ഷമീന ബീഗം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ആര്‍. രേഖ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ കെ.പി ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകരും സ്റ്റാര്‍ട്ട് അപ്പ് നടത്തുന്നവരും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായി അന്‍പതോളം പേര്‍ ശില്‍പശാലയുടെ ഭാഗമായി.

ശില്‍പശാലയ്ക്ക് ശേഷം സംരംഭങ്ങള്‍ ആരംഭിക്കാനായി മുന്നോട്ട് വരുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വ്യവസായ വകുപ്പിൻ്റെ മറ്റ് പദ്ധതികളുടെ ഭാഗമാക്കിയും കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ഏപ്രില്‍ മാസം മുതല്‍ ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുക എന്ന വലിയ പദ്ധതിയുടെ ഭാഗമാകും സാങ്കേതിക ശില്‍പശാല.

സി.പി.സി.ആര്‍.ഐ ശാസ്ത്രജ്ഞരായ ഡോ.എം.ആര്‍ മണികണ്ഠന്‍, ഡോ.പി.പിഷമീന ബീഗം, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി. തമ്പാന്‍, ഡോ. ആര്‍.പി. പാണ്ടിശെല്‍വം, ഡോ. എ.ഒ വര്‍ഗ്ഗീസ്,ഡോ. കെ.എ മാധവന്‍, ഡോ. ജസീം എന്നിവരും ദിനേശ് കുമാര്‍, ലളിതഭായ് എന്നിവരും ചേര്‍ന്ന് ശില്‍പശാലയിലെത്തിയവര്‍ക്ക് ക്ലാസുകളും പ്രായോഗിക പരിശീലനവും നല്‍കി. ഏഴ് സെക്ഷനുകളിലായുള്ള പരിശീലന ശില്‍പശാല നാളെ വൈകീട്ട് അവസാനിക്കും.

ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും

തേങ്ങയും തേങ്ങകൊണ്ടുള്ള ഉത്പ്പന്നങ്ങളും ലോകവിപണി കീഴടക്കാന്‍ പോകുന്നു. കോവിഡ് പ്രതിരോധത്തിനും ക്യാന്‍സര്‍ പ്രതിരോധത്തിനുമൊപ്പം ഡയബറ്റിക്ക് പോലുള്ള മറ്റ് അസുഖങ്ങള്‍ക്കും ആശ്വാസമാവുകയാണ് തേങ്ങ ഉത്പ്പന്നങ്ങള്‍. ഏറെ നാരുകളടങ്ങിയ തേങ്ങ ദഹന പ്രവര്‍ത്തനത്തിന് വേഗം കൂട്ടുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. പശുവിന്‍ പാല്‍ കൂടുതല്‍ ആളുകള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നുവെന്ന പഠനത്തെ തുടര്‍ന്ന് ലോകത്ത് തേങ്ങാപ്പാലിൻ്റെ മൂല്യം വര്‍ധിക്കാന്‍ പോവുകയാണ്.

തേങ്ങയില്‍ നിന്നുണ്ടാക്കാവുന്ന ഡയബറ്റിക്ക് രോഗികള്‍ക്കും ഉപയോഗിക്കാവുന്ന പഞ്ചസാരയ്ക്കും വ്യാവസായിക മൂല്യമുണ്ട്. തേങ്ങാപ്പാലും തേങ്ങാ പഞ്ചസാരയും ചേര്‍ത്ത് ആരോഗ്യകരമായ ഐസ്‌ക്രീം നിര്‍മ്മിക്കാം. തേങ്ങാപ്പീരയിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയി്ട്ടുണ്ട്. അവ ഉപയോഗിച്ച് കുര്‍ക്കുറേ, പാസ്ത, മുറുക്ക്, ബിസ്‌ക്കറ്റ്, ന്യൂട്രിബാര്‍, കേക്ക് തുടങ്ങി വിവിധ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കാം.

കരിക്ക് വെള്ളം കാര്‍ബണേറ്റ് ചെയ്തും, പച്ചത്തേങ്ങയില്‍ നിന്ന് വെന്തവെളിച്ചെണ്ണ ഉണ്ടാക്കിയും, തേങ്ങാപാല്‍പ്പൊടി നിര്‍മ്മിച്ചും, തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാത്ത നീര ഉണ്ടാക്കിയും മറ്റും വിവിധങ്ങളായ സംരംഭ സാധ്യതകള്‍ കണ്ടെത്താം.

ഭാരംകുറഞ്ഞതും എളുപ്പം കയറ്റി അയക്കാവുന്നതുമായ ഇളനീര്‍ പാനീയം, ഇളനീരും, പച്ചത്തേങ്ങയും, തേങ്ങയും നല്‍കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങളും അവയുടെ നിര്‍മ്മാണത്തിനായി സി.പി.സി.ആര്‍.ഐ ഗവേഷകര്‍ തയ്യാറാക്കിയ വ്യത്യസ്തങ്ങളായ ഉപകരണങ്ങളും ശില്‍പശാലയില്‍ പരിചയപ്പെടുത്തും.

0Shares