
സി.പി.ഐ.എം പ്രവർത്തകർ ഭരണത്തിൽ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനുകളിലേയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണത്തിൽ പാർട്ടി പ്രവർത്തകർ ഇടപെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.ഐ.എം കണ്ണൂർ ജില്ല സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒരു വിഷയവുമായും ബന്ധപ്പെട്ട് പ്രവർത്തകർ വിളിക്കരുതെന്ന് പാർട്ടി നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഇടപെടൽ നടത്തേണ്ടി വന്നാൽ പാർട്ടി ഘടകത്തിൽ അറിയിച്ചാൽ മതി.

ഒരു വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല. ബംഗാളിലേയും ത്രിപുരയിലേയും സി.പി.ഐ.എം തകർച്ച ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭരണത്തുടർച്ചയുണ്ടായ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ ഭരണം കയ്യാളിയെന്ന ആരോപണമുണ്ടായെന്നും കേരളത്തിലുണ്ടായ ഭരണത്തുടർച്ച നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
