
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. മരണം കുറക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ജീവന്‍റെ വിലയാണ് ഈ ലോക്ക് ഡൗണിനുള്ളതെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് പണമൂറ്റുന്നതിനെതിരെ കര്‍ശന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് മുന്‍ കൂര്‍ തുക ഈടാക്കരുത്. കൂടുതല്‍ പണം ഈടാക്കിയാല്‍ പത്തിരട്ടി തുക പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും:
അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്. ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗണും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ഡൗണായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തേത് എമർജൻസി ലോക്ക്ഡൗണാണ്.

രോഗബാധ ഇവിടെയുള്ള സമ്പർക്കം വഴിയാണ് കൂടുന്നത്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗണിന് നമ്മുടെ ജീവന്‍റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചിലത് അമിത ഫീസീടാക്കുന്നെന്ന പരാതിയെ തുടർന്നും ഹൈക്കോടതി ഇടപെടലിനെ തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്താണ് കൊവിഡ് ചികിത്സാ നിരക്കും നിശ്ചയിച്ചത്. കാസ്പ് പദ്ധതി അംഗങ്ങൾക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് എംപാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സ നൽകുന്നത്. ഇതിന്‍റെ നിരക്ക് നേരത്തെ നിശ്ചയിച്ചതാണ്. സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന മറ്റുള്ളവർക്കാണ് നിരക്ക് നിശ്ചയിച്ചത്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം എല്ലാ ആശുപത്രികളും നിരക്കുകൾ ആശുപത്രിക്കകത്തും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതി സ്വീകരിച്ച് നടപടിയെടുക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കിയാൽ അവരിൽ നിന്നും ഡി.എം.ഒ പത്തിരട്ടി പിഴ ഈടാക്കും. ഇതിന് പുറമെ ജില്ലാ കളക്ടർമാർ തുടർ നടപടിയെടുക്കും.
കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ പ്രവേശിപ്പിക്കണം. അഡ്വാൻസായി പ്രവേശന സമയത്ത് തുക ഈടാക്കരുത്. എല്ലാ ഉത്തരവും സർക്കുലറും മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണം.
കൊവിഡിന്‍റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് ഇന്ന് കത്തയച്ചു. കൊവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹകരിക്കുന്നുവെന്നും കത്തിൽ വിശദീകരിച്ചു. കേരളത്തിന് പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റംഡെസിവർ ലഭ്യമാക്കുന്നുണ്ട്.
ഓക്സിജൻ ലഭ്യമാക്കാൻ കേരളം ശ്രദ്ധിച്ചു. 219 മെട്രിക് ടണ്ണാണ് നമ്മുടെ ഉൽപ്പാദനം. ഒട്ടും ചോരാതെയും അനാവശ്യ ഉപയോഗം ഇല്ലെന്നും ഉറപ്പാക്കി സ്റ്റോക്കിന്‍റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കി. ദേശീയ ഗ്രിഡിൽ സമ്മർദ്ദം ചെലുത്താത്ത വിധം കേരളത്തിലെ ബഫർ സ്റ്റോക്ക് 450 മെട്രിക് ടണ്ണാക്കിയത് മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ആവശ്യാനുസരണം അയച്ചുകൊടുത്തു കേരളത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് രോഗികളെ കേരളം സഹായിക്കുന്നുണ്ട്.
