
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിൻ്റെ വാട്‌സ് ആപ്പ് ചാറ്റിൻ്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തായി. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥൻ്റെതെന്ന് സംശയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റിൻ്റെ വിവരങ്ങള്‍ തേടാൻ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥൻ്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്. വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ഇതില്‍ ചോദിക്കുന്നു.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഗ്രൂപ്പിൻ്റെ അഡ്‌മിനാണ്. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കൾ പറയുന്നു. 109ഓളം നേതാക്കൾ അടങ്ങിയതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. യൂത്ത് കോൺഗ്രസ് ലോഗോയാണ് ഡിസ്‌പ്ലേ പിക്‌ചർ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും നിർദേശിക്കുന്നു.
ഈ വാട്‌സ് ആപ്പ് ചാറ്റിൻ്റെ ആധികാരികത വ്യക്തമായിട്ടില്ല. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോണ്‍ഗ്രസിൻ്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാറ്റിൻ്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ചോദ്യം ചെയ്യുക. ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖുമുഖം എ.സി.പി ശബരിനാഥന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളാണ് പുറത്തുവന്നത് എന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ചാറ്റുകള്‍ പുറത്തുപോകാന്‍ കാരണമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ഒരു വിഭാഗമാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി പുറത്തു വിട്ടതെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരിനാഥനും വ്യക്തമാക്കി. പ്രചരിക്കുന്ന വാട്‌സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോള്‍ പറയുന്നില്ല. യൂത്ത് കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ശബരിനാഥന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ.പി ജയരാജന്‍ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇ.പിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴോ പ്രതികള്‍ ആരോപണം ഉന്നയിച്ചിട്ടില്ല.
