ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങള്‍ എന്തിനാണ് അനുഭവിക്കുന്നത്; പ്രവാചക നിന്ദയെ തുടര്‍ന്നുണ്ടായ ബംഗാള്‍ സംഘര്‍ഷത്തെക്കുറിച്ച്‌ മുഖ്യമന്ത്രി മമത

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങള്‍ എന്തിനാണ് അനുഭവിക്കുന്നത്; പ്രവാചക നിന്ദയെ തുടര്‍ന്നുണ്ടായ ബംഗാള്‍ സംഘര്‍ഷത്തെക്കുറിച്ച്‌ മുഖ്യമന്ത്രി മമത

കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച്‌ ബി.ജെ.പി വക്താവ് നടത്തിയ വിവാദ പരാമര്‍ശത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാരും പോലീസും രണ്ടാം ദിവസവും ഏറ്റുമുട്ടി. സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കലാപം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പിയുടെ ‘പാപങ്ങള്‍’ ജനം എന്തിന് സഹിക്കണമെന്നും മമത ബാനര്‍ജി ചോദിച്ചു.

‘ഞാന്‍ ഇത് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ദിവസമായി ഹൗറയില്‍ സാധാരണ ജനജീവിതം താറുമാറായിട്ട്. അക്രമ സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള ഏല്ലാ വഴിയും സ്വീകരിച്ച്‌ കഴിഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന് പിന്നില്‍, കലാപമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഇത് വെച്ചുപൊറുപ്പിക്കില്ല, കര്‍ശന നടപടി സ്വീകരിക്കും. ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങള്‍ എന്തിനാണ് കഷ്ടപ്പെടുന്നത്?’, മമത ട്വീറ്റ് ചെയ്തു. ഹൗറയിലെ പഞ്ച്‌ല ബസാറില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അവര്‍.

ഹൗറയിലെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നു. ഉലുബെരിയ സബ് ഡിവിഷനില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ജൂണ്‍ 15 വരെ നീട്ടി. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പോലീസ് 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് ശേഷം യു.പിയിലെ പ്രയാഗ് രാജ് നഗരത്തില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനായി സാമൂഹിക വിരുദ്ധര്‍ പ്രായപൂര്‍ത്തിയാകാത്തവരെയും ഉപയോഗപ്പെടുത്തിയതായി പ്രയാഗ്രാജ് എസ്‌.എസ്.പി അജയ് കുമാര്‍ പറഞ്ഞു. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമികള്‍ പോലീസിന് നേരെ കല്ലേറ് നടത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് സാമൂഹിക വിരുദ്ധര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി എം.പിയും പശ്ചിമ ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡണ്ടുമായ സൗമിത്ര ഖാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

0Shares