
തിരുവനന്തപുരം: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നതില്‍ നിന്ന് അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ -ടെന്‍ഡര്‍, ഇ പ്രൊക്യൂര്‍മെന്റ് എന്നിവ ഇതിനകം തയ്യാറായിട്ടുണ്ട്. ഇത് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ബന്ധമാക്കുമെന്നും വിജിലന്‍സ് ബോധവല്‍ക്കരണ വാചാരണത്തിൻ്റെയും വിവിധ നിര്‍മാണങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കവെ അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച ശേഷം പാളിച്ചകള്‍ കണ്ടെത്തുന്ന സംവിധാനം ഒഴിവാക്കി അതാതു വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണ വേളയില്‍ത്തന്നെ നടപടിയെടുക്കണം. ചില വകുപ്പുകളില്‍ ഇപ്പോഴും ഒറ്റപ്പെട്ട അഴിമതിയുണ്ട്. വിജിലന്‍സ് പരിശോധന എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണം. പരിശോധന നടന്നാല്‍ ആകെ അഴിമതിയെന്ന് അര്‍ഥമില്ല. അഴിമതി പൂര്‍ണമായി തുടച്ചുനീക്കാനുള്ള നടപടിയാണിത്.

ഇടനിലക്കാരെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണം. അഴിമതി വലിയ തോതില്‍ കുറയ്ക്കാനായെങ്കിലും പൂര്‍ണമായി ഇല്ലാതായിട്ടില്ല. ശേഷിക്കുന്ന പുഴുക്കുത്തുകള്‍ കൂടി ഇല്ലാതാക്കലാണ് ലക്ഷ്യം. അഴിമതിയുടെ ഉറവിടം കണ്ടെത്താനും സാധ്യതകളെ ഇല്ലാതാക്കാനും വിജിലന്‍സിനാകണം.
ഫയലുകൾ താമസിപ്പിക്കല്‍, പൊതുജനങ്ങളെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയും അഴിമതിയാണ്. പഞ്ചിങ് സംവിധാനമടക്കം നടപ്പാക്കുന്നത് സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനാണ്. ഇതിനോട് പൊരുത്തപ്പെടാനാകാത്ത ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവന പ്രവൃത്തികളുടെ ചങ്ങലയില്‍ വിള്ളല്‍ വീഴ്ത്തുന്ന അഴിമതിയെന്ന കണ്ണി പ്രതീകമായി മുറിച്ചു നീക്കിയായിരുന്നു ഉദ്ഘാടനം. വിജിലന്‍സ് കിഴക്കന്‍ മേഖല ഓഫീസിലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, ആലപ്പുഴയിലെയും ഇടുക്കിയിലെയും മധ്യ മേഖല, ഉത്തര മേഖല ഓഫീസുകളിലെയും ട്രെയിനിങ് ഹാള്‍, പാലക്കാട് യൂണിറ്റിലെ ഒന്നും രണ്ടും നിലകളുടെ ഉദ്ഘാടനം, വിജിലന്‍സ് ഡയറക്ടറേറ്റിലെ 15 കിലോവാട്ട് സോളാര്‍ പ്ലാന്റ് എന്നിവയും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.
ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനായി. ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ശ്രീ വി.വേണു, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.ജി എച്ച്. വെങ്കടേഷ്, അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഡി ബാബു എന്നിവര്‍ സംസാരിച്ചു.
