
ചെർക്കള / കാസർകോട്: മഴക്കാലപൂർവ ശുചീകരണങ്ങൾ ഇനിയും ആരംഭിക്കാത്തത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചെർക്കള പഞ്ചായത്തിലെ ബേർക്ക പ്രദേശത്തെ മാലിന്യക്കൂമ്പാരം നാട്ടുകാർക്ക് ഭീക്ഷണി ഉയർത്തുന്നതായാണ് പരാതി. ഇവിടുത്തെ അംഗനവാടിയുടെ തൊട്ടുപിറകിലുള്ള മാലിന്യ കൂമ്പാരങ്ങളുടെ കാഴ്ച അസഹനീയമാണ്.

മാലിന്യങ്ങൾ അശ്രദ്ധമായി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ നടപടിയുണ്ടാകുന്നില്ല. സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ ശുചിത്വയജ്ഞ പരിപാടികൾ പലേടത്തും മുഖം മിനുക്കൽ മാത്രമാകുന്നുവെന്നും ആക്ഷേപമുണ്ട്.
കൊതുകുകളും, പലതരം ഈച്ചകളും രോഗങ്ങൾ പരത്തുന്ന നിരവധി അണുക്കളും ഇതിൽ വ്യാപരിക്കുന്നുണ്ട്. മാലിന്യം നീക്കുകയും കുറ്റക്കാർക്കെതിരെ അടിയന്തിര നിയമ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണം. ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും മാലിന്യ പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നും ഇവിടുത്തെ അംഗനവാടിയിലെ കുട്ടികൾക്കും ജീവനക്കാർക്കും സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
