‘ഒത്തു ചേര്‍ന്നൊരുക്കാം വൃത്തിയുള്ള നാടും വീടും’; ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കം

  • Post category:local news
  • Reading time:1 min read
You are currently viewing ‘ഒത്തു ചേര്‍ന്നൊരുക്കാം വൃത്തിയുള്ള നാടും വീടും’;  ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കം

ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ശുചിത്വ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ മേക്കാട്ട് സ്‌കൂള്‍ പരിസം ശുചീകരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു.

മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുവാനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയവയിലെ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുക.

ഗൃഹ ശുചീകരണം,പൊതു സ്വകാര്യ സ്ഥലങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കല്‍,പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ ശുചീകരണം, പൊതുവഴി ശുചീകരണം, ജലാശയങ്ങളുടെ ശുചീകരണം എന്നിവയാണ് പ്രധാനമായുള്ള ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍.

ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് സേതു ബങ്കളം, ജി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റ് പ്രഥമാധ്യാപകന്‍ സുരേശന്‍ , ജിതേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

0Shares