
കാസര്‍കോട്: കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുന്‍ ഡി.സി.സി പ്രസിഡണ്ട് കൂടിയായ ശ്രീധരന്‍ പാര്‍ട്ടി വിടുന്നത്. നവംബര്‍ 17ന് വാര്‍ത്തസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കും. സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി.കെ ശ്രീധരന്‍ പറഞ്ഞു. രാഷ്‌ട്രീയമായ കാരണങ്ങളും കെ.സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചുമാണ് പുതിയ തീരുമാനമെന്നാണ് വിവരം.
രാഷ്‌ട്രീയമാറ്റത്തിന് കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് സി.കെ ശ്രീധരന്‍ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യത്തിൻ്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്. വിശദമായ വിവരങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറയും. സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും ഒരു കാരണമാണ്. കെ.പി.സി.സി പ്രസിഡണ്ട് അടക്കമുള്ളവരുടെ നിലപാടുകള്‍ ശരിയല്ല.

രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിൻ്റെയും താല്‍പര്യം പരിഗണിച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ എത്രത്തോളം ശരിയല്ല എന്ന് മനസ്സിലാകും. അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങള്‍ നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ല -ശ്രീധരന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വെച്ച് ശ്രീധരന് പാര്‍ട്ടിയിലേക്ക് സ്വീകരണം നല്‍കാനാണ് സി.പി.എം തീരുമാനം എന്നാണു സൂചനകൾ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. കൂടാതെ കാസർകോട്ടെ സി.പി.എം നേതാക്കളും പ്രവർത്തകരും വാദികളായതും പ്രതികളായതുമായ നിരവധി കേസുകളിൽ വർഷങ്ങളോളം കോടതികളിൽ കോൺഗ്രസിന് വേണ്ടി വാദിച്ചത് വക്കീലായ സി.കെ ശ്രീധരനായിരുന്നു.
