
വാർത്തകൾ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ചുറ്റുമതിലിൽ നിറയെ സിനിമാ പോസ്റ്ററുകളാണ്. അങ്കണവാടി മുതൽ സിവിൽ സ്‌റ്റേഷൻ വരെയുള്ള സർക്കാർ കാര്യാലയങ്ങളിൽ സാമൂഹ്യക്ഷേമ ബോധവൽക്കരണ ചിത്രങ്ങൾക്കും വാചകങ്ങൾക്കും പ്രാധാന്യമുണ്ട്. എന്നാൽ കാസർകോട് ബ്ലോക്ക് പഞ്ചായത്തിലാണ് പൊതുജനങ്ങൾ വർഷങ്ങളായി ഈ കാഴ്‌ച കാണുന്നത്.
നഗരത്തിൽ പോസ്റ്ററുകൾ പതിക്കുന്നതിന് യാതൊരു നിയന്ത്രണവും നിലവിലില്ല. സ്‌കൂൾ കുട്ടികൾ ഇടപെടുന്ന പൊതു ഇടങ്ങളിലെല്ലാം അശ്ലീല സിനിമാ പോസ്റ്ററുകൾ പതിക്കുന്നതും നേരത്തെ പരാതിക്ക് ഇടയാക്കിയിരുന്നു.

ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷ്വൽ പൊല്യൂഷൻ സൃഷ്ടിക്കുന്ന പരസ്യങ്ങളുടെ പോസ്റ്ററുകളും ബാനറുകളും അനിയന്ത്രിതമായി വർധിച്ചിരിക്കുകയാണ്. അനധികൃതമായി പതിച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നടപടികൾ ഫലപ്രദമാകുന്നില്ല.
റെയിൽവേ സ്റ്റേഷനുകളിലും വിമാന താവളങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാർ പ്രൊജക്ടുകളുടെ ബോധവൽക്കരണ ചിത്രങ്ങളും വാചകങ്ങളും കാണാനാവും. എന്നാൽ ചില പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് കീഴിൽ തലതിരിഞ്ഞ ഏർപ്പാടുകളാണ് നടക്കുന്നത്.

സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയാണ് സർക്കാരുകളും മറ്റു ഏജൻസികളും മിഷൻ പ്രവർത്തങ്ങൾ നടത്തുന്നത്. മാലിന്യമുക്ത കേരളം, നാഷണൽ ആയുഷ് മിഷൻ കേരള, ജൽ ജീവൻ മിഷൻ, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയവ നിരവധി പ്രവർത്തങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കി നടന്നുവരുന്നത്.
ഇത്തരം ക്ഷേമ പദ്ധതികൾക്ക് കുഞ്ഞുങ്ങളിൽ തന്നെ ബോധവൽക്കരണം തുടങ്ങേണ്ടിയിരിക്കുന്നു എന്ന പ്രാധാന്യം നിലനിൽക്കെയാണ് ദിനംപ്രതി ബ്ലോക്ക് പഞ്ചായത്തിൻ്റെ മതിലിൽ സിനിമ പോസ്റ്ററുകൾ ആയിരക്കണക്കിന് ആളുകൾക്ക് കാഴ്‌ചയാകുന്നത്.
മലിനീകരണം അപകടം
മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതി മലിനീകരണം, മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ ഏഴായി തരംതിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടുതന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തുന്നുണ്ട്.

പാരിസ്ഥിതികവും മനുഷ്യ നിർമ്മിതവുമായ ഘടകങ്ങൾ കാരണം ഒരു വ്യക്തിയുടെ വീക്ഷണത്തിൻ്റെ വൈകല്യത്തെ കാഴ്‌ച മലിനീകരണം എന്ന് നിർവചിക്കാം. കാഴ്‌ച മലിനീകരണം പലരൂപത്തിലും വരാം. അവയിൽ മിക്കതും മനുഷ്യൻ്റെ പ്രവർത്തനങ്ങൾ മൂലമാണ്. ആളുകളുടെ ക്ഷേമത്തിലും ആരോഗ്യത്തിലും കാര്യമായ പ്രതികൂല ഫലങ്ങൾ ഇതുണ്ടാക്കും.
പരസ്യം ചെയ്യൽ
ചില പരസ്യ മാർഗങ്ങൾ ഒരു പ്രദേശത്തിൻ്റെ രൂപത്തെ പ്രതികൂലമായി ബാധിക്കും. ഉദാഹരണത്തിന്, തെരുവുകൾക്ക് സമീപം ധാരാളം പരസ്യ ബോർഡുകൾ ഉണ്ടെങ്കിൽ, ഇത് നഗരത്തിൻ്റെ ദൃശ്യ ആകർഷണം കുറച്ചേക്കാം. മാത്രമല്ല, ചില പ്രദേശങ്ങൾ നിരവധി ബാനറുകളാലും മറ്റ് പരസ്യങ്ങളാലും മൂടപ്പെട്ടിരിക്കുന്നു, അത് കാര്യമായ ദൃശ്യ മലിനീകരണത്തിലേക്ക് നയിക്കും.
