
കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വിൽപനക്ക് ശേഷം സബ്‌സിഡി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുൻകൂറായി തന്നെ കൺസ്യുമർഫെഡിന് തുക അനുവദിച്ചു.
സപ്ലൈകോയുടെയും കൺസ്യൂമർഫെഡിൻ്റെയും ക്രിസ്മസ് ചന്തകൾ ഇത്തവണയും മുടക്കമില്ലാതെ നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. 21ന് സപ്ലൈകോ ക്രിസ്മസ് ചന്ത ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും.
തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാ ചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്‌ച പൂര്‍ത്തിയായി. ജില്ലാ ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിൻ്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപയും അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.
ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.
ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ.
