
980 അടി ഉയരമുള്ള ചൈനയുടെ ആകാശഗോപുരം കുലുങ്ങി വിറച്ചു. ഭൂകമ്പം ഇല്ലാതെ കെട്ടിടം ശക്തമായി കുലുങ്ങിയതോടെ മാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായി. 79 നിലകളുള്ള കെട്ടിടത്തില്‍ നിന്നും നിമിഷ നേരം കൊണ്ട് ജനത്തെ ഒഴിപ്പിക്കുകയും ചെയ്തു. ചൈനയിലെ ഷെന്‍സനിലുള്ള എസ്‌ഇജി പ്ലാസയാണ് കുലുങ്ങിയാടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ഷോപ്പിങിനെത്തിയ ആയിരക്കണക്കിന് ആളുകളായിരുന്നു കടയില്‍ ഉണ്ടായിരുന്നത്.ഇതേ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ പൊടുന്നനെ ഒഴിപ്പിച്ചു. ഈ പ്രദേശത്ത് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വളരെ മന്ദഗതിയിലാണ് കാറ്റുവീശിയത്.ഇതോടെ എന്താണ് കെട്ടിടം കുലുങ്ങാനുള്ള കാരണമെന്ന് അന്വേഷിക്കുകയാണ് അധികൃതര്‍. 79 നില കെട്ടിടം 2.40ഓടെ അടച്ച് സീല്‍ ചെയ്തു.

2000ത്തിലാണ് ഈ കെട്ടിടം പണിതത്. സ്ഥലത്തെ പ്രധാന ഇലക്‌ട്രോണിക് മാര്‍ക്കറ്റ് ആണ് ഈ ഷോപ്പിങ് മാള്‍. നിരവധി ഓഫിസുകളും ഈ കെട്ടിടത്തിലുണ്ട്. കെട്ടിടം കുലുങ്ങിയ സമയത്ത് മണിക്കൂറില്‍ 27 കിലോമീറ്റര്‍ മാത്രമായിരുന്നു കാറ്റിന്‍റെ വേഗത. കാറ്റും ഭൂകമ്പവും ഇല്ലാത്ത സ്ഥിതിക്ക് കെട്ടിടത്തിന്‍റെ ഉറപ്പും മറ്റും പരിശോധിച്ച് വരികയാണ്. 120 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന സിറ്റിക്ക് നടുവിലാണ് ഈ അംബര ചുംബിയെന്നത് ഭരണകൂടത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കെട്ടിടത്തിന്‍റെ അടിത്തറ മുതല്‍ മുകള്‍ ഭാഗം വരെ കുലുങ്ങി വിറച്ചിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടത്തിന് പുറത്ത് കൂടി നടന്നു പോയ നൂറ് കണക്കിന് കാല്‍ നടയാത്രക്കാരാണ് രക്ഷതേടി ഓടിയത്.
