
സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വ്വെ. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം
ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തില്‍ ബ്ലൂംബര്‍ഗ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലോക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിൻ്റെ സാധ്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു സര്‍വ്വെ. രാജ്യത്തെ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
അയല്‍ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത 20 ശതമാനമാണ്. പക്ഷെ ഇന്ത്യയ്ക്ക് ഈ സാദ്ധ്യത പൂജ്യമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധര്‍ കല്‍പ്പിക്കുന്നത്. ഇത് അഭിമാന നേട്ടമായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പാകിസ്ഥാനും ശ്രീലങ്കയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടേയും ഭാവി അതായിരിക്കുമെന്ന് വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതിനുള്ള തക്ക മറുപടിയാണ് ബ്ലൂംബര്‍ഗിൻ്റെ ഈ സര്‍വ്വേ റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് എഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനുള്ള ശേഷി കൂടുതലാണെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനം ജി.ഡി.പി വളര്‍ച്ച കൈവരിച്ചതോടെയാണ് ഇത് സാധ്യമായത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനം മാത്രമാണ് ജി.ഡി.പി വളര്‍ച്ച നേടാനായത്.

കഴിഞ്ഞ മെയില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മോശം സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലുള്ള ശ്രീലങ്കയ്ക്ക് സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാധ്യത 85 ശതമാനമാണ്. ന്യൂസിലാന്‍ഡ് 33 ശതമാനവും ദക്ഷിണ കൊറിയയും ജപ്പാനും 25 ശതമാനവും, ഓസ്‌ട്രേലിയ, ഹോങ്കോങ് തായ് വാന്‍ എന്നീ രാജ്യങ്ങള്‍ 20 ശതമാനവുമാണ് സാമ്പത്തിക മാന്ദ്യത്തിൻ്റെ പിടിയിലമരാനുള്ള സാധ്യത.
മലേഷ്യ 13 ശതമാനം, വിയറ്റ്‌നാമും തായിലന്റും 10 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ നടത്തുന്ന ശക്തമായ ഇടപെടലാണ് ഇന്ത്യയ്ക്ക് തുണയായതെന്നാണ് വിലയിരുത്തല്‍.
