
കാസർകോട്: സ്‌കൂള്‍ അവധിക്കാലത്തിനിടെ ജലച്ചായ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷത്തിലായിരുന്നു കുട്ടി കൂട്ടുകാര്‍. സംസ്ഥാന സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ നടക്കുന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേള 2023 ൻ്റെ പ്രചാരണാര്‍ത്ഥമാണ് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കായി ജലച്ചായ മത്സരം സംഘടിപ്പിച്ചത്.
നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ജലച്ചായ മത്സരം ഉദ്ഘാടനം ചെയ്തു. എൻ്റെ കേരളം പ്രദര്‍ശന വിപണന മേള ജില്ലാതല സംഘാടക സമിതി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല ശ്രീധര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിധീഷ് ബാലന്‍ എന്നിവര്‍ സംസാരിച്ചു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ ടി.പത്മരാജ് മത്സരത്തിന് നേതൃത്വം നല്‍കി.

എൻ്റെ പച്ചക്കറിത്തോട്ടം എന്ന വിഷയത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ട ജലച്ചായ മത്സരത്തില്‍ 5 മുതല്‍ 10 വയസുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ പങ്കാളികളായി. വിജയികള്‍ക്ക്എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ മെയ് 9ന് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും.
