
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഇ. പി ജയരാജന്‍റെയും കുടുംബത്തിന്‍റെ ചിത്രത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചേർത്ത് വച്ച് ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിലാണ് ഈ നടപടി.
ഇതേ ഫോട്ടോയ്ക്കെതിരെ നേരത്തെ ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്ഐയും പരാതി നൽകിയിരുന്നു. ഫോട്ടോ പങ്കുവച്ച കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്നിവർക്കെതിരെ കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലാണ് ഡി.വൈ.എഫ്ഐ പരാതി നൽകിയത്.

സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കള്ള പ്രചാരണം നടത്തുന്നത് ഇന്ന് വലിയ സാമൂഹ്യ പ്രശ്നമായി മാറി. ഉന്നത മൂല്യങ്ങൾ പുലർത്തുന്നവരെ പോലും കരിവാരി തേക്കാൻ സാമൂഹ്യ മാധ്യമങ്ങളെയും മറ്റും ഉപയോഗിക്കുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾ ചിലരുടെ ജീവിതം തന്നെ തകർത്തു. വലിയ ചൂഷണങ്ങൾക്കും മറ്റും പലരും ഇരയാകുന്നു. ചില മാധ്യമങ്ങളും ഇത്തരം നെറികെട്ട പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും ഇ. പി ജയരാജൻ കുറ്റപ്പെടുത്തി. പരാതി നൽകിയെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിച്ച് പോസ്റ്റിലായിരുന്നു വ്യവസായ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
