കാസര്‍കോടിന് ‘സാന്ത്വന സ്പര്‍ശ’മായി മുഖ്യമന്ത്രിയുടെ അദാലത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോടിന് ‘സാന്ത്വന സ്പര്‍ശ’മായി മുഖ്യമന്ത്രിയുടെ അദാലത്ത്

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പൊതുജന പരാതി പരിഹാരത്തിനായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുഖ്യമന്ത്രിയുടെ ‘സാന്ത്വന സ്പര്‍ശം’ അദാലത്ത് നീറുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസമായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു.

പലവിധ ജീവിത സാഹചര്യങ്ങളാല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ സാധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു. നേരത്തെ ഓണ്‍ലൈനായി നല്‍കിയ എല്ലാ പരാതികളിലും പ്രാഥമിക പരിശോധന നടത്തി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പെട്ടന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ നിയമപരമായി തടസ്സമുള്ളവ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘സാന്ത്വന സ്പര്‍ശം’ എന്ന പേര് അന്വര്‍ഥമാക്കുന്ന അദാലത്തുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പലവിധ കാരണങ്ങളാല്‍ ആശ്വാസം ലഭിക്കാന്‍ അവശേഷിക്കുന്നവരുടെയും പല സാഹചര്യങ്ങളാല്‍ പ്രശ്ന പരിഹാരത്തിന് സാധിക്കാത്തവരെയും പരിഗണിച്ചാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ഓണ്‍ലൈനായി നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് മുന്‍ഗണനാ കാര്‍ഡ് അനുവദിച്ച എട്ട് പേര്‍ക്ക് മന്ത്രിമാര്‍ വേദിയില്‍ വെച്ച് റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്താണ് അദാലത്തിന് തുടക്കം കുറിച്ചത്. വേദിയില്‍വെച്ച് മന്ത്രിമാര്‍ പട്ടയവും വിതരണം ചെയ്തു. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് പുറമേ നേരിട്ടെത്തുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ വേദിയില്‍ സജ്ജീകരിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന അദാലത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായുള്ള അദാലത്ത് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ തിങ്കളാഴ്ച നടന്നു.

0Shares