കേരളത്തില്‍ 2024 നവംബറോടെ അതിദാരിദ്ര്യം തുടച്ചുമാറ്റും: മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing കേരളത്തില്‍ 2024 നവംബറോടെ അതിദാരിദ്ര്യം തുടച്ചുമാറ്റും: മുഖ്യമന്ത്രി

64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും. വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാൻ ഇതിൻ്റെ ഭാഗമായി തീരുമാനിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യ രേഖയില്‍ നിന്ന് മോചിപ്പിക്കും. മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കല്‍ ത്വരിതപ്പെടുത്തും, തടസങ്ങളുള്ള പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിൻ്റെയും ഭരണ അവലോകനത്തിൻ്റെയും മാതൃകയായി മാറി. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വികസന കാര്യങ്ങളില്‍ പരിഹാരം ആണ് ഉദ്ദേശിച്ചത്. മേഖലാ യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂര്‍ത്തിയാക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്‍റെ ഭാഗമായി 54,648 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 11,757 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു, ഏകദേശം 25,000 വീടുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെ മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും ലൈഫ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍റെ ഭാഗമായി നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണ്. വൻകിട പശ്ചാത്തല വികസന പദ്ധതിയെന്ന പ്രത്യേകതയും പ്രാധാന്യവും വിഴിഞ്ഞത്തിനുണ്ട്. ഈ പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

അതിനിടെ കേരളീയം നവംബര്‍ ഒന്ന് മുതല്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 140 പ്രഭാഷകര്‍ പങ്കെടുക്കും. ഭാവികേരള വികസന മാര്‍ഗ്ഗ രേഖയും സെമിനാര്‍ ചര്‍ച്ച ചെയ്യും. കേരളം കണ്ടിട്ടുള്ളതില്‍ വച്ച്‌ വലിയ സാംസ്കാരിക വിരുന്നായിരിക്കും കേരളീയം.

0Shares