
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശം. വിലയില്‍ വലിയ അന്തരമാണ് പലയിടത്തും. ഇതു ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ വില നിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചു നിര്‍ത്താൻ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം.
ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശന പരിശോധനകള്‍ നടത്തണം. പൂഴ്ത്തിവെപ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണമെന്നും പൊലീസിൻ്റെ ഇടപെടലും ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍ സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം പരിഹരിക്കാൻ വ്യാപാര സമൂഹവുമായി ജില്ലാ കലക്ടര്‍മാര്‍ ചര്‍ച്ച നടത്തണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേ വില കൊണ്ടുവരാന്‍ ശ്രമിക്കണം.
നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്‌ചയില്‍ ഒരു തവണയെങ്കിലും ജില്ലാ കലക്ടര്‍മാര്‍ അവലോകനം നടത്തണം. സംസ്ഥാന അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം പത്ത് ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.എന്‍ വാസവന്‍, കെ.രാജന്‍, പി.പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
