
കാസർകോട്: സി.പി.എം കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഏ.കെ.ജി മന്ദിരം സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 32,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബഹുനില കെട്ടിടമാണ് ഇന്ന് കാസർകോട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരത്തെ സി.പി.എം സംസ്ഥാന കമിറ്റി ഓഫീസായ എ.കെ.ജി സെന്‍റര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ഓഫീസാണ് കാസര്‍കോട്ടെ എ.കെ.ജി മന്ദിരം.

സെന്‍ട്രലൈസ്‍ഡ് എ.സിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് നിര്‍മാണത്തിന് അഞ്ചരക്കോടി രൂപയാണ് ചിലവഴിച്ചത്. മിനി കോൺഫ്രന്‍സ് ഹാള്‍, ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ ചേരുന്നതിനുള്ള പ്രത്യേക ഹാള്‍, ലൈബ്രറി, വായനാമുറി, ജില്ലാ സെക്രട്ടറിക്കുള്ള ഓഫീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുള്ള ക്യാബിനുകള്‍, മീഡിയ ഹാള്‍, ഫയല്‍ മുറി, ഡൈനിംഗ് ഹാള്‍, ഡോര്‍മെട്രി, അതിഥികള്‍ക്ക് താമസിക്കാനുള്ള മുറി, വര്‍ഗ ബഹുജന സംഘടനകള്‍ക്കും ഇ.എം.എസ് പഠനകേന്ദ്രത്തിനും പ്രത്യേക മുറി, സമ്പൂര്‍ണ വൈഫെ, 50ലേറെ കാറുകള്‍ക്ക് നിര്‍ത്തിയിടാനുള്ള പാര്‍ക്കിംങ്ങ് ഏരിയ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഔഫീസില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നാംനിലയിലാണ് വിശാലമായ സമ്മേളനഹാള്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.കെ ശൈലജ ടീച്ചർ, സി.എച്ച് കുഞ്ഞമ്പു, എം.രാജഗോപാൽ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, എം.വി ജയരാജൻ, ഇ.പി ജയരാജൻ, പി.കരുണാകരൻ, ശ്രീമതി ടീച്ചർ, പി.ജയരാജൻ, കെ.വി.കുഞ്ഞിരാമൻ സംസ്ഥാന-ജില്ലാ നേതാക്കൾ, എ.കെ.ജി യുടെ മകൾ ലൈല തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
