പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടി; പ്രതിപക്ഷത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടി; പ്രതിപക്ഷത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷം പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ചത് അപഹാസ്യമാണ്. നാടിൻ്റെ വികസനമാണ് പ്രവാസികള്‍ എപ്പോഴും പറയുന്നത്. അതിലേക്ക് ലോക മലയാളികള്‍ മനസ്സ് അര്‍പ്പിച്ച്‌ മുന്നേറുകയാണ്. അതിനോട് സഹകരിക്കുകയാണ് നന്മയുള്ളവര്‍ ചെയ്യുന്നത്. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ, പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ വ്യവസായി എം. എ യൂസഫലി രംഗത്തുവന്നിരുന്നു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്ബോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോൾ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കെ.എം.സി.സിയുടെ ഭാരവാഹികളെല്ലാം ഇവിടെയുണ്ട്. അവരോടു ഞാന്‍ ചോദിച്ചു, നിങ്ങളുടെ നേതാക്കള്‍ ഇവിടെയില്ലല്ലോ എന്ന്. അണികളോടു പങ്കെടുക്കാനാണ് നിര്‍ദേശമുള്ളത് എന്നായിരുന്നു മറുപടി. അണികളുണ്ടെങ്കിലല്ലേ നേതാക്കളുള്ളൂ എന്നാണ് ഞാന്‍ പറഞ്ഞത്. ഈ പരിപാടിയില്‍ നിങ്ങള്‍ വ്യത്യാസം കാണിക്കാന്‍ പാടില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ നേതാക്കളുമില്ല. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’അദ്ദേഹം പറഞ്ഞു.

അതേസമയം, യൂസഫലിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ രംഗത്തെത്തി. യൂസഫലിയുമായി സംസാരിച്ചിരുന്നു. വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് യൂസഫലിയോട് പറഞ്ഞിരുന്നു. ബഹിഷ്‌ക്കരണം ഭക്ഷണത്തിൻ്റെയും താമസത്തിൻ്റെയും കാര്യമായി പറഞ്ഞത് ശരിയായില്ലെന്നും വി. ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

0Shares