
കാസറഗോഡ്: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിൻ്റെ ജന്മദിനത്തിലാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിൻ്റെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ആപ്തവാക്യമാണ് ഇത്തവണത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെത്. ‘കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും’ എന്നതാണ് ആ ആപ്തവാക്യം.
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത ബിരുദം നേടുന്നതിനുള്ള പിന്തുണ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഉന്നതി സ്‌കോളര്‍ഷിപ്പ്. ആ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരം കടന്നതിൻ്റെ പ്രഖ്യാപനമാണ് വളരെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിര്‍വ്വഹിച്ചത്. ഇത്തവണത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെ ആപ്തവാക്യവുമായി എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് മനസ്സിലാക്കാനാണ് ഇത് സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മജി ഉള്‍പ്പെടെ സ്വാതന്ത്ര്യസമര സേനാനികള്‍ വിഭാവനം ചെയ്ത നിലയിലേക്ക് നമ്മുടെ നാട് എത്തിച്ചേര്‍ന്നിട്ടുണ്ടോ സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഭരണഘടന നിലവില്‍ വന്ന് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രതീക്ഷിച്ച നിലയില്‍ പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ ഉന്നമനം കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. അതോടൊപ്പം തന്നെ രാജ്യത്താകെ പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ 25.6 ശതമാനം വരുന്ന പട്ടികവര്‍ഗക്കാര്‍ക്കായി ബജറ്റിന്റെ 6.3 ശതമാനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കുന്നത്. കേരള ജനസംഖ്യയുടെ 9.1 ശതമാനം പട്ടികജാതിക്കാരും 1.45 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. ഇവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പദ്ധതി അടങ്കലില്‍ യഥാക്രമം 9.81 വും 2.89 ശതമാനവും അടക്കം 12.7 ശതമാനം തുകയാണ് ബജറ്റില്‍ നീക്കിവെക്കുന്നത്. ഈ കണക്കുകളിലുണ്ട് രണ്ട് സര്‍ക്കാരുകളുടെ സമീപനത്തിലെ വ്യത്യാസം. ഈയൊരു പശ്ചാത്തലത്തില്‍ കൂടിവേണം സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
അറിവിലേക്കും തൊഴിലിലേക്കും കുതിച്ചുയരാന്‍ ലക്ഷ്യംവെക്കുന്നതാണല്ലോ ഇത്തവണത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം. വിജ്ഞാനാധിഷ്ഠിത നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങളില്‍ പട്ടികവിഭാഗക്കാരായ ആരും പിന്തള്ളപ്പെടരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ചും സാങ്കേതിക – മെഡിക്കല്‍ മേഖലകളില്‍ നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങി സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെയും ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി ആറ് മാസത്തിനകം തൊഴിലെടുക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രി രാജ്യത്തിനുതന്നെ മാതൃകയാണ്. ഓരോ വര്‍ഷവും 72 പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ എം ബി ബി എസ് പ്രവേശനം നല്‍കുന്നുണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 9 വര്‍ഷത്തിനുള്ളില്‍ 733.22 കോടി രൂപ ചെലവഴിച്ചു. 2014 മുതല്‍ 5 ബാച്ചുകള്‍ പഠനം പൂര്‍ത്തീകരിച്ചതില്‍ 413 പട്ടികജാതി വിദ്യാര്‍ത്ഥികളും 15 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരായി നമ്മുടെ സമൂഹത്തില്‍ സേവനമനുഷ്ഠിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
