മിന്നൽ പ്രളയത്തിനും മലവെള്ള പാച്ചിലിനും സാധ്യത; അതിതീവ്ര മഴയിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മിന്നൽ പ്രളയത്തിനും മലവെള്ള പാച്ചിലിനും സാധ്യത; അതിതീവ്ര മഴയിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യും. മലവെള്ള പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്‌ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ പ്രളയസാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ഉള്ളതിനാൽ വെള്ളിയാഴ്‌ച എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് വെള്ളിയാഴ്‌ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ ശനിയാഴ്‌ചയും ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്‌ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്‌ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ എട്ട് ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

0Shares