കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ല; ഇ.ഡിക്കെതിരെ മുഖ്യമന്ത്രി നൽകിയ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ല; ഇ.ഡിക്കെതിരെ മുഖ്യമന്ത്രി നൽകിയ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

കിഫ്‌ബിക്ക് എതിരായ ഇ.ഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി.

അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് ഇ.ഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചത്.

ഇ.ഡി പെരുമാറ്റച്ചട്ടലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും അതിൽ കമ്മീഷൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഫെബ്രുവരി 28-ന് ബി.ജെ.പിയുടെ വിജയ യാത്രയിൽ പങ്കെടുക്കവെ നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇ.ഡിയുടെ നിലവിലെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയിട്ടും ഇ.ഡിക്ക് ഒന്നും കിട്ടിയില്ലെന്നും ഭീഷണിപ്പെടുത്തി അവര്‍ക്കാവശ്യമുള്ള ഉത്തരം സംഘടിപ്പിക്കാനാണ് ശ്രമമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഇതിനെ ജനങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares