
സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍റെ പാത മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണൻ്റേത് വൈകി വന്ന വിവേകമാണ്. ഇത് ആദ്യം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണക്കടത്തിന്‍റെയും ഡോളർ കൈമാറ്റത്തിന്‍റെയും ഹവാല ഇടപാടുകളുടെയും സിരാകേന്ദ്രമായത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടി സെക്രട്ടറി നേരത്തേ ചികിൽസയ്ക്കായി അമേരിക്കയിൽ പോയിരുന്നു. അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇപ്പോൾ പൊടുന്നനേ സ്ഥാനം ഒഴിയുന്നത് പാർട്ടിക്കകത്തെ ഗുരുതരമായമായ അഭിപ്രായവ്യത്യാസം മൂലമാണ് എന്നു കരുതേണ്ടിവരും.

ഇതു പോലെ ഒരു പ്രതിസന്ധി മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല. പിണറായി വിജയൻ ഇനിയും രാജിവച്ചില്ലെങ്കിൽ ഇതിനേക്കാൾ അപമാനം സഹിച്ചു പുറത്ത് പോകേണ്ട അവസ്ഥ ഉണ്ടാകും.മയക്കുമരുന്ന് കച്ചവടമാണ് പാർട്ടി സെക്രട്ടറിയുടെ മകൻ നടത്തിയത്.പാർട്ടി വേറെ മകൻ വേറെ എന്നായിരുന്നു നേരത്തേ ഇവർ പറഞ്ഞിരുന്നത്. ഇതു രണ്ടും ഒന്നാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അധോലോക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ചു ജനവിധി തേടണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
