
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. രണ്ട് മരണം, നിരവധി കാറുകള്‍ ഒലിച്ചുപോയി. വിമാനത്താവളം അടച്ചു, 118 ട്രെയിനുകള്‍ റദ്ദാക്കി. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
വൈദ്യുതിയും ഇൻ്റെര്‍നെറ്റും തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളെയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മതിലിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. മഹാബലിപുരം ബീച്ചിൽ കടൽനിരപ്പ് അഞ്ച് അടിയോളം ഉയർന്നു. പുതുച്ചേരി ബീച്ച് റോഡിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ചെന്നൈ ഉൾപ്പെടെ ആറു ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നേർക്കുൻട്രം വി.ഐ.ടിക്ക് സമീപം റോഡിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻ്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്ക് പോകുന്നതാണ് വിഡിയോയിലുള്ളത്.
ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് ദിശ മാറി തെക്ക് ആന്ധ്രപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുൻകരുതലായി ചെന്നൈ അടക്കമുള്ള നാല് ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചിരിക്കയാണ്. സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
