
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ എം.സി കമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. ആകെ രജിസ്റ്റര്‍ ചെയ്‌ത 168 കേസുകളില്‍ 15 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്. മഞ്ചേശ്വരം മുന്‍ എം.എല്‍.എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം.സി കമറുദ്ദീനാണ് ഒന്നാം പ്രതി.

മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ രണ്ടാം പ്രതിയും കമ്പനി ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 29 പ്രതികളാണ് കേസിലുള്ളത്.
ബഡ്‌സ് ആക്ട് നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമം ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനം മുഖേന നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച ശേഷം തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
എം.സി കമറുദ്ദീനായിരുന്നു ഫാഷന്‍ ഗോള്‍ഡിൻ്റെ ചെയര്‍മാന്‍. കേസില്‍ നേരത്തെ പ്രതികളുടെ സ്വത്തുക്കള്‍ അന്വേഷണ സംഘം കണ്ടുകെട്ടിയിരുന്നു. ഇതിൻ്റെ സ്ഥിരീകരണത്തിനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
