
ഓണ്‍ലൈന്‍ മാധ്യമമായ ചാനല്‍ ആര്‍.ബിയുടെ എം.ഡി. ഹാരിസിനെയും വീഡിയോ എഡിറ്റര്‍ സുധീറിനെയും മഫ്തിയിലെത്തിയ പോലീസ് സംഘം മർദ്ദിച്ച സംഭവത്തിൽ സ്ഥാപനം മുഖ്യമന്ത്രിക്കും ഡി.ജി.പിയ്‌ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ, നുള്ളിപ്പാടിയിലെ ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂട്ടി ഇരുവരും ഇറങ്ങുമ്പോഴാണ് സ്വകാര്യ വാഹനത്തില്‍ എത്തിയ പോലീസ് ഇവരെ മർദ്ദിക്കുന്നത്.
പൊതുവെ ഈ ഭാഗത്ത് വെളിച്ച കുറവുണ്ടായിരുന്നു. ഈ സമയം രാത്രി പുറത്തിറങ്ങരുതെന്ന് അറിയില്ലേ എന്ന് ചോദിച്ചാണ് തങ്ങളെ പോലീസ് മർദ്ദിച്ചതെന്നും സി.ഐയും സംഘത്തിലുണ്ടായിരുന്നുവെന്നും ഐഡി കാര്‍ഡ് കാണിച്ചപ്പോഴാണ് പോലീസ് മടങ്ങിയതെന്നും ഹാരിസ് പറഞ്ഞു.

എന്നാൽ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ ഇറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി ടൗണ്‍ സി.ഐ. സി.എ അബ്ദുല്‍ റഹീം പറഞ്ഞു. നുള്ളിപ്പാടിയില്‍ ഇന്നലെ രാത്രി ചിലരെ കണ്ടപ്പോള്‍ അടിച്ചോടിക്കുകയായിരുന്നു, കൂട്ടത്തില്‍ രണ്ട് ചാനല്‍ പ്രവര്‍ത്തകരും പെട്ടു. തങ്ങള്‍ ചാനല്‍ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞപ്പോഴാണ് ഇവരെ പോലീസ് തിരിച്ചറിയുന്നത്. കാര്‍ഡ് കാണിച്ചതോടെ ഇവരെ പോവാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ വിശദീകരണം.
എന്നാൽ ചാനൽ ആർ.ബി പ്രവർത്തകരെ മർദ്ദിക്കുമ്പോൾ ഈ ഭാഗത്തുമറ്റാരും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഈ പോലീസ് മർദ്ദനം മനഃപൂർവം ആകാനുള്ള സാധ്യതയെ മുൻനിർത്തി അന്വേഷണം നടത്തണമെന്നാണ് സ്ഥാപനം പരാതിയിൽ ആവശ്യപ്പെടുന്നത്.
