
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക്സാധ്യത – 2021 ജൂലൈ 12 ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2021 ജൂലൈ 12: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസര്‍കോട്.
2021 ജൂലൈ 13:എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്.
2021 ജൂലൈ 14: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്.
2021 ജൂലൈ 15: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസര്‍കോട്.
2021 ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്.
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ അപകട സാധ്യതയുള്ള മലയോര മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
ദുരന്ത സാധ്യത മുന്നിൽ കണ്ടുകൊണ്ട് ദുരന്ത പ്രതികരണത്തിനായി ആവശ്യമായ റിസോഴ്സുകൾ സജ്ജമാക്കി വെക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറിറ്റിയുടെ ഓറഞ്ച് ബുക്ക് 2021 ലെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിക്കാൻ കർശനമായി നിർദേശിക്കുന്നു.
ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതാണ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് ‘അനൗൺസ്‌മെന്റ്’ വഴി വിവരം നൽകുകയും ജനങ്ങളെ മുൻകരുതലിന്‍റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപകട സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറിത്താമസിക്കാൻ നിർബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്.
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം.
പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്.
പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കാൻ നിർദേശം നൽകേണ്ടതാണ്. ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ഇരിക്കാനുള്ള നിർദേശം നൽകണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്.
മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകുന്നില്ലെന്ന് ഫിഷെറീസ് വകുപ്പും കോസ്റ്റൽ പോലീസും ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.
നദികളിലെ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്.
വൈദ്യുതി വകുപ്പിനുള്ള പ്രത്യേക നിർദേശം
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.
