
ബ്രിട്ടൻ്റെ ഭരണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുമ്പോഴാണ് ഋഷി സുനകിൻ്റെ ചരിത്ര നിയോഗം. ഒരു തലമുറ മുമ്പ് പഞ്ചാബില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാരാനായ ഋഷി സുനകിൻ്റെ ഭാര്യ ഇന്ത്യാക്കാരിയായ അക്ഷതയാണ്.
കെനിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ യശ്‌വീറിൻ്റെയും ടാന്‍സാനിയയില്‍ നിന്ന് ബ്രിട്ടനിലെത്തിയ ഉഷയുടെയും മൂത്ത മകന് ചെറുപ്പകാലത്ത് രാഷ്ട്രീയം ഒരു മോഹമേ അല്ലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഓക്സ്ഫഡില്‍ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായി. അമേരിക്കയിലെ സ്റ്റാന്‍ഡ്ഫുഡ് സര്‍വകലാ ശാലയിലായിരുന്നു എം.ബി.എ പഠനം.

അക്കാലത്താണ് സഹപാഠി അക്ഷതയുമായി അടുപ്പം. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത. 2009ലായിരുന്നു ഇന്ത്യയില്‍ വച്ച് ഇരുവരുടെയും വിവാഹം.
ഇതിനിടെ ഗോള്‍ഡ്മാന്‍ സാഷെയിലും ഹെഡ്‌ജ് ഫണ്ടിലും ജോലി ചെയ്തു. 2015ലാണ് ഉറച്ച ടോറി കോട്ടയായ റിച്ച്‌മോണ്ടില്‍ നിന്ന് പാര്‍ലമെണ്ടിലേക്കുള്ള ആദ്യജയം. ബ്രെക്സിറ്റ് കാലത്ത് ടി.വി ഡിബേറ്റുകളിലെ പതിവുമുഖം. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നയിച്ചത് ഋഷി സുനകായിരുന്നു. കോവിഡ് കാലത്ത് ബ്രിട്ടൻ്റെ ധനമന്ത്രിയായി. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചെന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.
പാര്‍ട്ടി ഗേറ്റ് വിവാദത്തില്‍ ബോറിസ് ജോണ്‍സണ്‍ ആരോപണ വിധേയനായപ്പോള്‍ ഋഷി സുനകും പാക് വംശജനായ സാജിദ് ജാവിദും രാജിവച്ചിറങ്ങി. ഈ സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലായിരുന്നു ബോറിസ് ജോണ്‍സൻ്റെ രാജിയും. പിന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍. എം.പിമാര്‍ വോട്ട് ചെയ്യുന്ന ആദ്യഘട്ടങ്ങളില്‍ ഋഷി ബഹുദൂരം മുന്നില്‍. ജീവിത പങ്കാളി ഇന്ത്യന്‍ വംശജയാണെന്നും അതി സമ്പന്നനാണെന്നും പ്രചാരണമുണ്ടായപ്പോഴും ഋഷിക്ക് പിന്തുണ നഷ്ടമായില്ല. ടോറികള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ലിസ് ട്രസ് ഋഷിയെ മറികടന്നത്.
സമീപകാലത്ത് സമാനതകളില്ലാത്ത വെല്ലുവിളികളുടെ കാലത്താണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. സാമ്പത്തിക-ഊര്‍ജ പ്രതിസന്ധിയില്‍ രാജ്യത്തെ കൈ പിടിച്ചുര്‍ത്തുകയെന്ന ദൗത്യമാണ് ഋഷി സുനകിന് മുന്നിലുള്ളത്.
രാഷ്ട്രീയ രംഗത്തെ പരിചയം ഒരു പതിറ്റാണ്ടു പോലുമില്ലാതെയാണ് ഈ നാല്‍പ്പത്തി രണ്ടുകാരനായ ഋഷി സുനക് ബ്രിട്ടൻ്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അമരത്ത് എത്തുന്നത്. നികുതി ഇളവുകള്‍ നല്‍കാതെയും, കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കൂട്ടിയും സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താമെന്നാണ് ഋഷിയുടെ പക്ഷം. അതിന് വിപരീത നയം സ്വീകരിച്ചതാണ് ലിസ് ട്രസിന് തിരിച്ചടിയായത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ വിരുദ്ധ നയം സ്വീകരിച്ചതു മൂലമുള്ള ഊര്‍ജ പ്രതിസന്ധിയാണ് മറ്റൊരു വെല്ലുവിളി. നാല്‍പത് വര്‍ഷത്തിനിടെയുള്ള വലിയ ഊര്‍ജ പ്രതിസന്ധിയാണിപ്പോള്‍. എണ്‍പത് ശതമാനത്തോളമാണ് ഊര്‍ജ്ജ ബില്ലിലെ വര്‍ധന. വെല്ലുവിളികളെ നേരിടാന്‍ ഋഷിയുടെ ടീമില്‍ ആരെല്ലാമെന്ന ചര്‍ച്ചകളും സജീവം. ധനമന്ത്രി സ്ഥാനത്ത് ജെറമി ഹണ്ട് തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തും മുന്‍ ധനമന്ത്രിയുമായ സാജിദ് ജാവിദ്, പെന്നി മോര്‍ഡണ്ട്, കെമി ബാഡനോക് എന്നിവരും ടീം റിഷിയുടെ ഭാഗമായേക്കും.
