ബുറേവി കേരളത്തിൽ എത്തിയേക്കില്ല; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബുറേവി കേരളത്തിൽ എത്തിയേക്കില്ല; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഇന്ത്യൻ തീരത്തിനടുത്ത് എത്തിയപ്പോഴേക്ക് ‘ബുറെവി’ ചുഴലിക്കാറ്റ് വീണ്ടും ദുർബലമായതായി കേന്ദ്രകാലാവസ്ഥാനിരീക്ഷണ വകുപ്പ്. രാമനാഥപുരത്തിനടുത്താണ് നിലവിൽ ന്യൂനമർദ്ദമുള്ളത്. തമിഴ്നാട് തീരം തൊടുമ്പോഴേയ്ക്ക് ബുറെവിയുടെ വേഗത കുറയും. തമിഴ്നാട്ടിലെത്തും മുമ്പേ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുമെന്നാണ് കണക്കുകൂട്ടൽ.

ഇതിന്‍റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ കേരളത്തിലേക്ക് ബുറെവി എത്താൻ സാധ്യത തീരെക്കുറവാണ്. ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തന്നെ അതിതീവ്ര ന്യൂനമർദ്ദമായി മാറി. വീണ്ടും തീവ്രത കുറഞ്ഞ് ന്യൂനമർദ്ദമായാകും രാമനാഥപുരം വഴി തമിഴ്നാട്ടിലേക്ക് എത്താൻ സാധ്യതയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

അതേസമയം വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടുക്കിയില്‍ ഡിസംബര്‍ നാലിനും അഞ്ചിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നീ ജില്ലകളില്‍ ഡിസംബര്‍ നാലിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ അഞ്ചിനും എറണാകുളം ജില്ലയില്‍ ആറിനും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

0Shares