ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിൽ അവസാനവട്ട മാറ്റങ്ങൾക്ക് സാധ്യത. സ്ഥാനാര്‍ത്ഥി പട്ടികയിൽ കേന്ദ്ര നേതൃത്വം അവസാനവട്ട പരിശോധന നടത്തും. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നേമത്തിന്‍റെ സാധ്യതാപട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ആറിന് ചേരും.

നേമത്തെ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്‍റെ പേര് മാത്രമായിരുന്നു സംസ്ഥാനം നല്‍കിയതെങ്കിലും നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും പരിഗണിക്കുന്നുണ്ട്. അതേസമയം ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമിത്ഷായുടെ അധ്യക്ഷതയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയായിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക.

കെ. സുരേന്ദ്രനെ കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും പരിഗണിക്കുന്നുണ്ട്. ആറന്മുളയില്‍ സഭാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം അന്തിമ പട്ടിക ഇന്നോ നാളെയോ ആവും പ്രഖ്യാപിക്കുക.

0Shares