
ബേക്കൽ / കാസര്‍കോട്: ബേക്കല്‍ ബംഗ്ലാവ് ഉള്‍പ്പെടെ ബേക്കല്‍ കോട്ടയ്ക്ക് അകത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവശമുള്ള 3.52 ഏക്കര്‍ സ്ഥലം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തു വകുപ്പ് സംസ്ഥാന സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കി. കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് ബേക്കല്‍ കോട്ടയില്‍ 38 ഏക്കര്‍ സ്ഥലമാണുള്ളത്.
114 വര്‍ഷം പഴക്കമുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുള്ള സ്ഥലത്തെ ബംഗ്ലാവ്. ബേക്കല്‍ ബംഗ്ലാവ് ഉള്‍പ്പെട്ട 10 സെന്‍റ് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പ് മുഖേന 2006ല്‍ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്‍റ് കോര്‍പറേഷനു (ബി.ആര്‍.ഡി.സി) കൈമാറിയതാണ്. ബാക്കി സ്ഥലം സംസ്ഥാന സര്‍ക്കാര്‍ തന്നെ കൈവശം വച്ചു. ബ്രിട്ടിഷുകാര്‍ പണിത ബംഗ്ലാവില്‍ നേരത്തെ താമസ സൗകര്യം അനുവദിച്ചിരുന്നു. ബി.ആര്‍.ഡി.സി അറ്റകുറ്റപ്പണി ചെയ്തുവെങ്കിലും കൊമേഴ്‌സ്യല്‍ ആവശ്യത്തിനു ഇത് ഉപയോഗിക്കാന്‍ പാടില്ലെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് നിര്‍ദേശം വച്ചതോടെ താമസസൗകര്യം നിലച്ചു.ബി.ആര്‍.ഡി.സി തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറി. പിന്നീട് വൈദ്യുതി ബന്ധം നിലച്ചു. മൂന്ന് ബെഡ് റൂം, മുന്‍വശത്ത് പിന്നിലും വിശാലമായ വരാന്ത, മധ്യത്തില്‍ ഹാള്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതാണ് കെട്ടിടം. അടുക്കള, കുതിരലായം എന്നിവയുമുണ്ട്. കെട്ടിടത്തിന്‍റെ ഭിത്തിയില്‍ ബ്രിട്ടീഷ് മുദ്ര കാണാം.

മൂന്നുകെട്ടിടം ഉള്‍പ്പെടെ 3.52 ഏക്കര്‍ സ്ഥലം തിരിച്ചു കിട്ടണമെന്ന കേന്ദ്ര പുരാവസ്തു വകുപ്പ് ആവശ്യം സംബന്ധിച്ച് പല തവണ ചര്‍ച്ച നടന്നുവെങ്കിലും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല. കെട്ടിടത്തിന്‍റെ ഓടും കഴുക്കോലും ഉള്‍പ്പെടെ അനുദിനം നശിക്കുന്നു. മഴയും വെയിലുമേറ്റു കെട്ടിടം ആകെ നാശോന്മുഖമാണ്. ബ്രിട്ടിഷ് ഭരണ കാലത്ത് പണിത കെട്ടിടം അതേപടി നിലനിര്‍ത്തി സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പും ലക്ഷ്യമിടുന്നത്.
കോട്ടയില്‍ 2000 മുതല്‍ രണ്ടുവര്‍ഷം നടത്തിയ ഖനനത്തില്‍ ഒട്ടേറെ പുരാവസ്തുക്കള്‍ കിട്ടിയിരുന്നു. ഇവ ബേക്കല്‍ കോട്ട സന്ദര്‍ശകര്‍ക്ക് കാണാന്‍ ഇപ്പോള്‍ സംവിധാനമില്ല. പീരങ്കി അവശിഷ്ടങ്ങള്‍, നാണയങ്ങള്‍ പ്രിന്‍റ് ചെയ്യുന്ന മിന്‍റ്, മണ്‍പാത്രങ്ങള്‍, വിദേശങ്ങളില്‍ നിന്നുള്ള പാത്രങ്ങള്‍, ചിലങ്ക, നാണയങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പുരാവസ്തുക്കള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേഖലാ ഓഫിസുകളില്‍ പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പുരാവസ്തുക്കളെല്ലാം പ്രദര്‍ശിപ്പിക്കുന്നതിനുള്ള മ്യൂസിയം കൂടി ഒരുക്കണമെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതര്‍. ഇതിന്‍റെ ഭാഗമായാണ് കെട്ടിടവും മറ്റു സ്ഥലവും വിട്ടു കിട്ടാന്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.
