
ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം. പി. എം കെയർ ഫണ്ടിൽ നിന്നാകും ഇതിനായുള്ള പണം അനുവദിക്കുക . ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ നടപടി.

പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നു രാജ്യത്തെ ആശുപത്രികൾ ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെയാണ് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള ആശുപത്രികളിലാകും പ്ലാന്റുകൾ സ്ഥാപിക്കുക.
