ഇ.ഡി ഡയറക്ടർ നിയമനത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; കാലാവധി നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി

  • Post category:national / news
  • Reading time:1 min read
You are currently viewing ഇ.ഡി ഡയറക്ടർ നിയമനത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; കാലാവധി നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സഞ്ജയ് കുമാര്‍ മിശ്രയെ 2018 നവംബറിലാണ് രണ്ടുവര്‍ഷത്തേക്ക് ഇ.ഡി ഡയറക്ടറായി കേന്ദ്രം നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസായതിനെ തുടര്‍ന്ന് വിരമിക്കല്‍ പ്രായമായെത്തിയിരുന്നു. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍ നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13ന് ഓഫീസ് ഉത്തരവിറക്കി.

ഇതിനെതിരേ സന്നദ്ധ സംഘടനയായ കോമണ്‍ കോസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീം കോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടി നല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി കൊണ്ട് ഇ.ഡി ഡയറക്ടറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാക്കി. അതിനെതിരായ ഹര്‍ജികളിലും കേന്ദ്രം നേരത്തേ മറുപടി നല്‍കിയിരുന്നു. ഇ.ഡി പോലുള്ള ഏജന്‍സികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ചെയ്യേണ്ടത്. അതിനാല്‍ ഇ.ഡിയെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞു. തുടര്‍ന്നാണ് 2022 നവംബര്‍ 17ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി കാലാവധി നീട്ടി നല്‍കിയത്.

0Shares