
ന്യൂഡൽഹി / കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരള സര്‍ക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്‌ച നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്.
ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 45 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. 70 കെഎസ്ആര്‍ടിസി ബസുകൾ തകർത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് ആക്രമികള്‍ക്കെതിരെ പി.ഡി.പി.ടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമ നടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടു പോവുമെന്നും ഗതാഗതമന്ത്രി ആൻ്റെണി രാജു പറഞ്ഞു.
വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഗൗരവകരമായ നിരീക്ഷണവുമായി കേരള ഹൈക്കോടതി. തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലില്‍ 70 കെഎസ്‌ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും 229 പേരെ കരുതല്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ത്താലില്‍ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഈ ഘട്ടത്തില്‍ ഹൈക്കോടതി ചോദിച്ചു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമ ലംഘനങ്ങള്‍ നടക്കുന്നത് ഭരണസംവിധാനത്തില്‍ ഭയമില്ലാത്തത് കൊണ്ടാണ്, തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
നീതിന്യായഭരണ സംവിധാനത്തെ ആളുകള്‍ക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമ സംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് കെഎസ്‌ആര്‍ടിസി ബസുകള്‍ ആക്രമിക്കുന്നതെന്നും ഹര്‍ത്താല്‍ അക്രമങ്ങളില്‍ കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം പോപ്പുലർ ഫ്രണ്ടിൽ നിന്നും ഈടാക്കുമോ എന്നും കോടതി ചോദിച്ചു.
