
പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള ഗവർണറുടെ ശിപാർശക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവർണർ തമിലിസൈ സൗന്ദരരാജൻ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയതത്.

സർക്കാരുണ്ടാക്കാൻ കക്ഷികാളാരും മുന്നോട്ട് വരാത്ത സാഹചര്യത്തലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടൻ നിയമസഭ പിരിച്ചുവിടും. നാല് സംസ്ഥാനങ്ങൾക്ക് പുറമെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയിൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ടം നിലവിൽ വരുമെന്നും ജാവദേക്കർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മുൻപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടമായത്. അഞ്ചു കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാരിന് ഭരണം നഷ്ടപ്പെട്ടത്. രാജി വെച്ച രണ്ട് കോൺഗ്രസ് എം.എൽ.എ മാർ ബി.ജെ.പിയിൽ ചേർന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി.ജെ.യിലെത്തുമെന്നാണ് റിപോർട്ടുകൾ.
