നീലേശ്വരം നഗരസഭയുടെ കീഴിലെ രണ്ടാമത്തെ പൊതുശ്മശാനവും അത്യാധുനിക സൗകര്യത്തോട് കൂടിയ വാതക ശ്മശാനമായി മാറുന്നു; നഗരസഭാ ചെയർപേഴ്സൺ തറക്കല്ലിട്ടു

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം നഗരസഭയുടെ കീഴിലെ രണ്ടാമത്തെ പൊതുശ്മശാനവും അത്യാധുനിക സൗകര്യത്തോട് കൂടിയ  വാതക ശ്മശാനമായി മാറുന്നു; നഗരസഭാ ചെയർപേഴ്സൺ തറക്കല്ലിട്ടു

കാസർകോട്: നീലേശ്വരം നഗരസഭയുടെ കീഴിലുള്ള രണ്ടാമത്തെ പൊതുശ്മശാനവും അത്യാധുനിക സൗകര്യത്തോട് കൂട്ടിയുള്ള വാതക ശ്മശാനമായി മാറുന്നു. ചിറപ്പുറത്തെ പൊതു ശ്മശാനമാണ് വാതക ശ്മശാനമായി മാറുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്ന വാതക ശ്മശാനത്തിന് നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത തറക്കല്ലിട്ടു.

ചാത്തമത്ത് പൊതു ശ്മശാനം 77 ലക്ഷം രൂപ ചെലവിട്ട് വാതക ശ്മശാനമാക്കി മാറ്റുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇതിന് പിന്നാലെയാണ് ചിറപ്പുറം പൊതുശ്മശാനവും വാതക ശ്മശാനമാക്കി മാറ്റുന്നത്. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷനായി.
റോട്ടറി ഡിസ്ടിക്റ്റ് ഗവർണർ ഡോ.രാജേഷ് സുഭാഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ വി.ഗൗരി, ടി.പി.ലത , ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗൺസിലർമാരായ കെ.ജയശ്രീ, ഇ.അശ്വതി, പി.ഭാർഗവി, ഇ. ഷജീർ, ഷംസുദ്ദീൻ അറിഞ്ചിറ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ദാമോദരൻ, സി.ഡി.എസ് ചെയർ പേഴ്സൺ പി.എം. സന്ധ്യ, മുൻ കൗൺസിലർ എ.വി.സുരേന്ദ്രൻ , റോട്ടറി അസി. ഗവർണർ വി.പി.ഐപ്പ്, നീലേശ്വരം റോട്ടറി പ്രസിഡണ്ട് എ.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുഭാഷ് സ്വാഗതവും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി.പിമോഹനൻ നന്ദിയും പറഞ്ഞു. നിലവിൽ പരമ്പരാഗതരീതിയിലാണ് ശ്മശാനം പ്രവർത്തിക്കുന്നത്. വാതകശ്മശാനമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന് 48 ലക്ഷം രൂപയാണ് നഗരസഭ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ചത്. 33 ലക്ഷം രൂപയുടെ അനുബന്ധ സംവിധാനങ്ങൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും റോട്ടറി ക്ലബ് നീലേശ്വരവും ചേർന്ന് ഏർപ്പെടുത്തും.

ഇരു ശ്മശാനങ്ങളും വാതക ശ്മശാനങ്ങളായി മാറുന്നതോടെ മണിക്കൂറുകൾ നീളുന്ന സംസ്കാരച്ചടങ്ങ് ചുരുങ്ങിയ സമയംകൊണ്ട് അവസാനിപ്പിക്കാൻ കഴിയും. നഗരസഭയ്ക്ക് കീഴിലുള്ള രണ്ട് ശ്മശാനങ്ങളുടെയും നവീകരണം പൂർത്തിയാകുന്നതോടെ ജനങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകും.

0Shares