ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്; കാസർകോട് ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും

  • Post category:health / local news
  • Reading time:2 mins read
You are currently viewing ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്; കാസർകോട് ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും

കാസർകോട്: കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായി ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും. യന്ത്ര സംവിധാനം ഒരുക്കുന്നതിന് കാസര്‍കോട് വികസന പാക്കേജും തുക അനുവദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ സഹകരണ, പൊതു മേഖലാ, സ്വകാര്യ ബാങ്കുകളുടെ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.

കിഫ്ബി മുഖേന എട്ട് കോടി രൂപ ചെലവില്‍ ജില്ലയില്‍ ആദ്യമായി അനുവദിക്കപ്പെട്ട കാര്‍ഡിയോളജി യൂണിറ്റ് (കാത്ത് ലാബ്) നേരത്തെ സജ്ജമാക്കിയതാണ്. ലാബിൻ്റെ പ്രവര്‍ത്തനത്തിനുള്ള ചെലവുകള്‍ക്കും മറ്റ് അനുബന്ധ ചെലവുകള്‍ക്കും പണമില്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയായിരുന്നു. കാത്ത് ലാബ് തുടങ്ങി ആദ്യത്തെ ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനച്ചിലവുകള്‍ക്കായാണ് ഫണ്ട് സമാഹരിക്കുന്നത്. ആന്‍ജിയോ ഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി, ഇക്കോ മെഷീന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിനും ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാനും ഈ തുക ഉപയോഗിക്കും.

ഒ.പിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ടി.എം.ടി (ട്രെഡ് മില്‍ ടെസ്റ്റ് ) മെഷീന്‍, ഇക്കോ മെഷീന്‍ എന്നിവ സ്ഥാപിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് ഒരു കോടി നാല് ലക്ഷം രൂപ അനുവദിക്കാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ഫണ്ട് സമാഹരിച്ചതിനു ശേഷം യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ആഗസ്ത് മാസത്തില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. കാത്ത് ലാബിനാവശ്യമായ നാല് ടെക്നീഷ്യന്‍സ്, ക്ലീനിംഗ് സ്റ്റാഫ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരെ ഉടന്‍ നിയമിക്കും

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. എന്‍ സരിത, കെ.ശകുന്തള, സഹകരണ അസി.രജിസ്ട്രാര്‍ വി.ചന്ദ്രന്‍, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജര്‍ പി.പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എ.അഷ്റഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ്, ആര്‍.എം.ഒ ഡോ.ശ്രീജിത്ത് മോഹന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത് കൃഷ്ണന്‍, ജില്ലാ ആശുപത്രി ലേ സെക്രട്ടറി കെ.വി.വിശ്വനാഥന്‍, വിവിധ സഹകരണ, പൊതുമേഖലാ, സ്വകാര്യ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares