
എറണാകുളം: വടക്കന്‍ പറവൂരില്‍ ഭക്ഷ്യ വിഷബാധയ്ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിൻ്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലാണ്. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. ഹോട്ടലിൻ്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍പേര്‍ ചികിത്സ തേടുന്നുണ്ട്. കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു.
മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. മജ്‌ലിസ് ഹോട്ടലിൻ്റെ ലൈസന്‍സ് സസ്‌പെണ്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്ന ശേഷം കൂടുതല്‍ നടപടികളുണ്ടാവും.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്‌ച ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ രണ്ടടി രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
മജിലിസില്‍ നിന്നും ഭക്ഷണം കഴിച്ച വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പുറമേയാണ് മറ്റിടങ്ങളിലും ഭക്ഷ്യ വിഷബാധിതരായവര്‍ ചികിത്സ തേടിയത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചവരാണ് ഇവരില്‍ ഏറിയ പങ്കും. കോഴിക്കോട്ടടക്കം ആളുകള്‍ ചികിത്സ തേടി. പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി പറഞ്ഞു.
