
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവർ. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റൊരു മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എല്‍സി മാര്‍ട്ടിന്‍. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു സംഭവം. കാർ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. എല്‍സിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് മരിച്ചത്. ഏറെ നാളായി ഉപയോഗിച്ചിട്ടില്ലാത്ത കാറാണ് പൊട്ടിത്തെറിച്ചത്. അപകടകാരണം കണ്ടെത്താനായി മോട്ടോര്‍ വാഹനവകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
