റായ്ബറേലിയിൽ ബി.ജെ.പിക്ക് വെല്ലുവിളി, തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയും; ഇടപെട്ട് അമിത് ഷാ

  • Post category:national / news
  • Reading time:1 min read
You are currently viewing റായ്ബറേലിയിൽ ബി.ജെ.പിക്ക് വെല്ലുവിളി, തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയും; ഇടപെട്ട് അമിത് ഷാ

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മുൻനിര കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് എതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബി.ജെ.പി ക്യാമ്പിന് വെല്ലുവിളിയായി ഉൾപ്പോര്. ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന മന്ത്രി കൂടിയായ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ മത്സരിക്കുന്നത്. ബി.ജെ.പി എം.എൽ.എ അദിതി സിംഗ്, ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എ മനോജ് കുമാർ പാണ്ഡെ എന്നിവർ തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ട് നിൽക്കുന്നു എന്നാണ് ദിനേഷ് പ്രതാപിൻ്റെ പരാതി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ഇരുവരെയും കണ്ട് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു.

റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ ആകെ അഞ്ചു നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2022ൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ബാക്കി നാല് സീറ്റുകളും നേടിയത് എസ്.പിയായിരുന്നു. ബി.ജെ.പി നേടിയ സീറ്റിൽ മത്സരിച്ചിരുന്നത് മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന അദിതി സിംഗായിരുന്നു. മണ്ഡലത്തിലടക്കം റായ്ബറേലിയിൽ നിർണ്ണായക സ്വാധീനമുള്ള നേതാവാണ് അദിതി.

റായ്ബറേലിയിൽ നിർണ്ണായക സ്വാധീനമുള്ള മറ്റൊരു നേതാവാണ് എസ്.പി വിമതനായി നിയമസഭയിൽ വിജയിച്ചു കയറിയ മനോജ് കുമാർ പാണ്ഡെ. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച പാണ്ഡെ പക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നു.

മൂന്ന് തവണ എം.എൽ.എയായ പാണ്ഡെ മുൻ എസ്.പി സർക്കാരിലെ പ്രധാന ബ്രാഹ്മണ മുഖമാണ്. പാണ്ഡെയെ മുൻ നിർത്തി മണ്ഡലത്തിലെ ബ്രാഹ്മണ വോട്ടുകൾ സമാഹരിക്കാണ് ആയിരുന്നു ബി.ജെ.പി ശ്രമം.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുള്ള ഉത്തർപ്രദേശിൽ കോൺഗ്രസിന് നേടാനായ ഒരേ ഒരു സീറ്റാണ് റായ്ബറേലി. കഴിഞ്ഞ തവണ അമേഠിയിൽ സ്‌മൃതി ഇറാനിയോട് തോറ്റ രാഹുൽഗാന്ധി ഇത്തവണ റായ്ബറേലിക്ക് കൂടുമാറുകയായിരുന്നു. രാഹുലിന് മുമ്പ് രണ്ട് പതിറ്റാണ്ടോളം സോണിയ ഗാന്ധിയായിരുന്നു ഈ മണ്ഡലത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്.

0Shares