പി.ജെ ആർമിയുമായി യാതൊരു ബന്ധവുമില്ല; സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം: പി. ജയരാജൻ

  • Post category:news
  • Reading time:1 min read
You are currently viewing പി.ജെ ആർമിയുമായി  യാതൊരു ബന്ധവുമില്ല; സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം: പി. ജയരാജൻ

പി. ജെ ആർമിയെ തളളി കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ. പി.ജെ. ആർമി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി.ജയരാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഥാനാർഥിത്വവുമായി തന്‍റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജയരാജന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പിജെ ആർമി ഫെയ്‌സ്ബുക്ക് പേജിലൂടെ ജയരാജന് ശക്തമായ പിന്തുണയുമായി സൈബർ സഖാക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി.ജയരാജന്‍റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം;

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്‍റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല.

അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്‍റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു . ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്.

എൽ.ഡി.എഫിന്‍റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽ.ഡി.എഫിന്‍റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

പിജെ ആർമി എന്ന പേരിൽ എന്‍റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്‍റെ അറിവോ സമ്മതമോ ഇല്ലാതെ എന്‍റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.

0Shares