
കാസർകോട്: കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബദിയടുക്ക സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണ്‍വാടി, കുടുംബശി സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് ഏകദിന പരിശീലനം നല്‍കി. പരിപാടി ബദിയഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അബ്ബാസ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് തലത്തില്‍ ബോധവത്കരണം നടത്തി രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി അര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതി, മലബാര്‍ കാന്‍സര്‍ സെന്ററിൻ്റെ നേതൃത്വത്തിലാണ് പഞ്ചായത്തില്‍ ബോധവത്കരണവും പരിശോധനയും നടത്തുന്നത്. സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, മലാശയ കാന്‍സര്‍ തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട കാന്‍സര്‍.

ജനിതക പ്രത്യേകത, കൂടി വരുന്നപ്രായം, ജീവിത ശൈലി മുതലായവ കാന്‍സര്‍ കാരണങ്ങളായി കണക്കാക്കുന്നു. ഉണങ്ങാത്ത മുറിവുകള്‍, പെട്ടെന്ന് ഉണ്ടാവുന്നതോ വലുതാവുന്നതോ ആയ മുഴകള്‍, തുടരെ തുടരെയുള്ള ദഹനക്കേട്, മൂത്രത്തിലും മലത്തിലൂടെയുള്ള തുടര്‍ച്ചയായ രക്തം പോക്ക്, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും തുടങ്ങിയവയും കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ ആവാം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തുന്നത്.
പഞ്ചായത്തംഗം ശ്യാംപ്രസാദ് മാന്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അശ്വനി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രവികുമാര്‍ റൈ, പഞ്ചായത്തംഗങ്ങളായ ഹമീദ് പള്ളത്തടുക്ക, ബാലകൃഷ്ണ ഷെട്ടി, ഹമീദ് കെടഞ്ചി, പി.എച്ച്.എന്‍ സത്യഭാമ, സി.സി.എസ് ചെയര്‍മാന്‍ അനിത ക്രാസ്ത എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ്, ജെ.പി.എച്ച്.എന്‍ എ.ജി.ലീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എം.മോഹനന്‍, കെ.എസ്.രാജേഷ്, കെ.കെ.ഷാക്കിര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജുമോന്‍ തോമസ് സ്വാഗതവും ജെ.എച്ച്.ഐ വി.കെ.ബാബു നന്ദിയും പറഞ്ഞു.
