സ്വകാര്യ ബസുടമകൾ നിയമങ്ങൾ പാലിക്കുന്നില്ല; പഴകിയ ബസുകൾ പറക്കും തളിക സിനിമയിലേത് പോലെയെന്ന് യാത്രക്കാർ, കോടതി പറഞ്ഞിട്ടും കേള്‍ക്കാതെ പതിവുപോലെ തന്നെ

  • Post category:business / Kerala / news
  • Reading time:2 mins read
You are currently viewing സ്വകാര്യ ബസുടമകൾ നിയമങ്ങൾ പാലിക്കുന്നില്ല; പഴകിയ ബസുകൾ പറക്കും തളിക സിനിമയിലേത് പോലെയെന്ന് യാത്രക്കാർ, കോടതി പറഞ്ഞിട്ടും കേള്‍ക്കാതെ പതിവുപോലെ തന്നെ

കാസർകോട് / കൊച്ചി: സർവീസ് നടത്തുന്ന പഴകിയ പല ബസുകളും പറക്കും തളിക സിനിമയിലേത് പോലെയെന്ന് യാത്രക്കാർ. മിക്ക സ്വകാര്യ ബസുടമകളും മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ പാലിക്കുന്നില്ല. മഴക്കാലമായതോടെ പഴകിയ ടയർ മാറ്റാത്തത് റോഡ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. കീറിയ കർട്ടനുകൾ മാറ്റാത്തതും പൊട്ടിയ സൈഡ് ഗ്ലാസ്സുകൾ മാറ്റി വെയ്ക്കാത്തതും യാത്രക്കാർക്ക് ദുരിതമാകുന്നു.

നിയമ ലംഘനം നടത്തുന്ന സർവീസ് ബസുകൾക്കെതിരെയും സ്‌കൂൾ ബസുകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് കാസർകോട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാജു ഫ്രാൻസിസ് ചാനൽ ആർ.ബിയോട് പറഞ്ഞു. കാസർകോട് ആർ.ടി.യോയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജിത് കുമാറിൻ്റെയും എൻഫോഴ്‌സ്‌മെന്റ് സംഘത്തിൻ്റെയും നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

‘ബസുകള്‍ക്ക് വേഗത നിയന്ത്രണം വേണം. ബസുകളും ഓട്ടോകളും ഹോണ്‍ മുഴക്കരുത്. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാതെ ഇടതുവശത്തുകൂടി മാത്രം ഓടണം’. ഇതു പറഞ്ഞത് ഹൈക്കോടതിയാണ്. വിധി വന്ന് പത്ത് ദിവസമാകുമ്പോഴും സംസ്ഥാനത്തെ വിവിധ നഗരത്തിലെ വാഹനങ്ങളുടെ ഓട്ടപ്പാച്ചിലിനും നിയമ ലംഘനങ്ങള്‍ക്കും കുറവില്ല. ബസുകളും ഓട്ടോറിക്ഷകളുമെല്ലാം യഥേഷ്ടം ഹോണ്‍ മുഴക്കുന്നുണ്ട്. ഒരു നിയന്ത്രണവുമില്ലാത്ത ഓട്ടപ്പാച്ചിലിനും കുറവില്ല. പൊലീസ് നഗരമധ്യത്തില്‍ നടത്തുന്ന പരിശോധനകള്‍ക്ക് മുന്നില്‍ വന്നുപെടുന്നവർ രക്ഷപ്പെടാന്‍ നടത്തുന്ന പരാക്രമങ്ങളാണ് രസകരം. പൊലീസ് പരിശോധന കടന്ന് അല്‍പ്പദൂരം മുന്നോട്ടെത്തിയാല്‍ പഴയതിലും വേഗത്തിലാകും കാര്യങ്ങള്‍.

മോട്ടോർ വാഹന വകുപ്പിൻ്റെ ഇൻസ്‌പെക്ഷൻ സമയത്ത് നിഷ്കർഷിക്കുന്ന പല മാനദണ്ഡങ്ങളും അത് കഴിയുന്നതോടെ സ്വകാര്യ ബസുകളിൽ ഒഴിവാക്കുകയാണ്. ഫസ്റ്റ് എയിഡ് ബോക്സിൽ പ്രഥമ ശുശ്രൂഷയ്ക്കുള്ള വസ്തുക്കൾ സൂക്ഷിക്കാറില്ല. ഡ്രൈവറുടെ ക്യാബിൻ മെറ്റൽ ഗ്രിൽ കൊണ്ട് വേർതിരിക്കണം, അത് ചെയ്യാതെ ക്യാബിനിലെ ടൂൾ ബോക്സിൽ ഇരിപ്പിടമൊരുക്കുന്നത് അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് പരുക്ക് ഗുരുതരമാക്കും.

ബസിനകത്ത് സമയവിവരം പ്രദർശിപ്പിക്കാത്തതും കാമറ പ്രവർത്തിപ്പിക്കാത്തതും പിടിക്കപ്പെടും. മറ്റു സ്ഥലങ്ങളിൽ നിന്നും കാലാവധി കഴിയാറായ ബസുകൾ കൊണ്ടുവന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ സർവീസ് നടത്തുന്നതു പതിവാണ്. ഇത്തരം ബസുകളിലെ പണി തൊഴിലാളികൾക്കും കഷ്ടകാലമാണ്. സ്കൂളുകൾ തുറന്നതോടെ രാവിലെയും വൈകുന്നേരവും തിരക്കും കൂടിയിട്ടുണ്ട്.

കേസുകളുടെ എണ്ണം കൂടും

കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 20ലേറെ കേസാണ് ഓവര്‍ടേക്കിംഗ്, യൂണിഫോം, ഓവര്‍ സ്‌പീഡ്‌ എന്നിവയ്ക്ക് ബസുകള്‍ക്കും ഓട്ടോകള്‍ക്കുമെതിരായി എടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നഗരത്തിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും ഈ ആഴ്‌ചകൂടി ബോധവത്കരണം നടത്തും. ഹൈക്കോടതി നിർദ്ദേശം മാനിച്ച് അടുത്തയാഴ്‌ച മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം റോഡ് ട്രാൻസ്‌പോർട്ട് ഓഫീസർ പി.എം ഷബീര്‍ പറഞ്ഞു.

0Shares