
കാസർകോട്: എന്നേയും, കാസർകോട് നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണേയും ബന്ധപ്പെടുത്തി മാധ്യമ പ്രവർത്തകനെന്ന് സ്വയം അവകാശപ്പെട്ട് പ്രവർത്തിച്ചു വരുന്ന ഓൺലൈൻ ബ്ലോഗർ ദിവസങ്ങളായി പ്രചരിപ്പിച്ചു വരുന്ന അപവാദ വാർത്തയെ നിയമപരമായി നേരിടുമെന്നും, സത്യം തെളിയിക്കുന്നത് വരെ പോരാടുമെന്നും കാസറഗോഡ് നഗരസഭ വനിത കൗൺസിലർ സിയാന ഹനീഫ് പറഞ്ഞു.
മുസ്ലിം ലീഗ് പാർട്ടിയും, ഐക്യമുന്നണിയും, എൻ്റെ വാർഡിലെ ജനങ്ങളും എന്നെ വിശ്വസിച്ചാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അവരെ വഞ്ചിക്കുന്ന ഒരു പ്രവർത്തനവും എൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. ഒരു ജനപ്രതിനിധിയെന്ന നിലയിൽ എതിരാളികളുടെ ആരോപണങ്ങൾ സ്വാഭാവികമാണ്. കൗൺസിലർ എന്ന പദവിയെക്കുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. എവിടെയൊക്കെ പോകാൻ പറ്റും, ഏതൊക്കെ കാര്യങ്ങളിൽ ഇടപെടാൻ പറ്റും, ജനങ്ങൾക്കിടയിൽ എങ്ങിനെയാണ് പ്രവർത്തിക്കേണ്ടത് എന്ന കാര്യം ഉൾപ്പടെ. അതിന് തെറ്റ് പറ്റുമ്പോൾ പറഞ്ഞ് തരാൻ യു.ഡി.എഫിൻ്റെയും, മുസ്ലിം ലീഗിൻ്റെയും നേതാക്കൻമാരും, പ്രവർത്തകരും കൂടെയുണ്ട്.

സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥലത്ത് പിൻവാതിലിലൂടെ അതിക്രമിച്ച് കയറിയതിനെ ചോദ്യം ചെയ്തതാണ് എനിക്കെതിരെ ഇത്രയും അപവാദമുണ്ടാക്കുന്ന രീതിയിൽ വാർത്തകൾ സൃഷ്ടിച്ചതിൻ്റെ യഥാർത്ഥ കാരണം. നടന്ന സംഭവത്തിൻ്റെ രണ്ടാമത്തെ എപ്പിസോഡാണ് ജനങ്ങൾക്കിടയിൽ വാർത്തയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. യുവതിയും ക്യാമറയും വരുന്നതിന് മുമ്പേ അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്തിരുന്നു. അതിഷ്ടപ്പെടാതെ ഒരു പാട് അസഭ്യം പറഞ്ഞ് പുറത്ത് പോയതിന് ശേഷം വീണ്ടും യുവതിയെ കൂട്ടി വന്ന് അനുമതിയില്ലാതെ വീഡിയോ എടുക്കുകയായിരുന്നു.
ഒരു സ്ത്രീയും, കുടുംബനാഥയും എന്ന പരിഗണ പോലും നൽകാതെയാണ് സമൂഹത്തിൽ ഏറെ മോശക്കാരിയായി ചിത്രീകരിച്ച് തുടർച്ചയായി വാർത്തകളുണ്ടാക്കി കൊണ്ടിരിക്കുന്നത്. കൂടാതെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഭയപ്പാടോട് കൂടിയാണ് ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. നീതി കിട്ടുന്നത് വരെ പോരാടാൻ തയ്യാറാണ്. എന്നെ സ്ഥാനമാനങ്ങൾ തന്ന് അംഗീകരിച്ച പാർട്ടിക്ക് ദോഷം വരുന്ന പ്രവർത്തികൾ ചെയ്തിട്ടില്ല. എന്നെ ജയിപ്പിച്ചു വിട്ട ജനങ്ങളോട് നന്ദിയും കടപ്പാടുമുണ്ട്. അതിന് പകരം നൽകാൻ എനിക്ക് കിട്ടിയ ഒരവസരമായിരുന്നു ഈ കോവിഡ് കാലം. എൻ്റെ വാർഡിലെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ കൂടെയായിരുന്നു ഞാൻ. അവർക്ക് ചെറിയ സഹായമെങ്കിലും ചെയ്ത് വന്നിരുന്ന എന്നെ മനസ്സ് പതറുന്ന രീതിയിൽ തകർക്കാമെന്നതായിരുന്നു വാർത്തക്ക് പിൻബലം. പക്ഷെ തളരാരെ മുമ്പോട്ട് പോകും സത്യം പുറത്ത് വരുന്നത് വരെ സിയാന പറഞ്ഞു.
